ലാഗോസ്: തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് മതാഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന മുസ്ലിംകൾക്കു നേർക്ക് നൈജീരിയൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ ടുഡുൻബിരി ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നൈജീരിയൻ പ്രസിഡന്റ് ബോലാ ടിനുബു അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തീവ്രവാദികളെയും കൊള്ളക്കാരെയും ലക്ഷ്യമിട്ടുള്ള പതിവ് ഓപ്പറേഷനിൽ നിരപരാധികൾ കൊല്ലപ്പെടുകയായിരുന്നുവെന്നു സംസ്ഥാന ഗവർണർ യുബാ സാനി പറഞ്ഞു. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് കൃത്യമായ ഇന്റലിജൻസ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ഡ്രോൺ ഉപയോഗിച്ച് രണ്ടു തവണ ബോംബാക്രമണം നടത്തിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. വടക്കൻ നൈജീരിയയിൽ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരേ സൈന്യം വർഷങ്ങളായി ഓപ്പറേഷൻ നടത്തുന്നുണ്ട്.
Source link