ചലച്ചിത്ര അക്കാദമി മുൻ ഡെപ്യൂട്ടി ഡയറക്ടറും ടെലിവിഷൻ അവതാരകയുമായ ജയന്തി ചലച്ചിത്ര അഭിനയരംഗത്ത് സജീവമാകുന്നു. ‘ക്ലാസ്സ് ബൈ എ സോൾജ്യർ’ എന്ന സിനിമയിൽ ജയന്തിയുടെ പാത്തുമ്മ എന്ന കഥാപാത്രം ഏറെ നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞു.
വർഷങ്ങൾക്കു മുൻപ് ‘സാൻഡ്‌വിച്ച്’ എന്ന സിനിമയിൽ അഭിനയിച്ചുവെങ്കിലും ജയന്തി വീണ്ടും അഭിനയിച്ചു തുടങ്ങുന്നത് 2021 ൽ ആണ്. ‘ശുഭദിനം’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധനേടി. ‘കാപ്പ’, ‘E വലയം’, ‘ബുള്ളറ്റ് ഡയറീസ്’, ‘ഒറ്റ’, ‘ഇരവ്’, ‘ആന്റണി’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തൊണ്ണൂറുകളിൽ ആകാശവാണിയിൽ കാഷ്വൽ ന്യൂസ് റീഡറായാണ് ജയന്തി മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് എഫ്എം റേഡിയോയിലും സജീവസാന്നിധ്യമായി. നിരവധി പ്രമുഖരുമായി ടെലിവിഷൻ അഭിമുഖങ്ങളും നടത്തി.
ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർഥിനി ചിന്മയിയാണ് ‘ക്ലാസ്സ് ബൈ എ സോൾജ്യർ’ എന്ന ചിത്രം സംവിധാനം ചെയ്തത്. ചലച്ചിത്രസംവിധായകനായ അച്ഛൻ ചിറക്കടവ് പനിയാനത്ത് അനിൽരാജിൽ നിന്നാണ് ചിന്മയി സംവിധാന പാഠങ്ങൾ പഠിച്ചത്്. അനിൽരാജ് തന്നെയാണ് സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയതും.
വിജയ് യേശുദാസ് നായകനായ ചിത്രത്തിൽ കലാഭവൻ ഷാജോൺ, മീനാക്ഷി ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ്. കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ തുടങ്ങിയവരും അണിനിരക്കുന്നു. സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമിച്ചത്.
Source link