INDIALATEST NEWS

ജെജെ ഗോളടിച്ചു; ഇനി കളിക്കളം നിയമസഭ


സൗത്ത് ടുപുയി (മിസോറം) ∙ ‘കോർണർ’ മീറ്റിങ് കിക്കുകളിലൂടെ യുവത്വത്തിന്റെ ഹരമായി മുന്നേറി ജെജെ ഗോളടിച്ചു. ഒരു കാലത്ത് രാജ്യത്തെ വിലപിടിപ്പുള്ള ഫുട്ബോൾ താരങ്ങളിലൊരാളായ ജെജെ ലാൽപെഖുല മിസോറം തിരഞ്ഞെടുപ്പിൽ സൗത്ത് ടുപുയി മണ്ഡലത്തിലാണു സോറം പീപ്പിൾസ് മൂവ്മെന്റിനെ വിജയിപ്പിച്ചത്. എതിരാളി മിസോ നാഷനൽ ഫ്രണ്ടിന്റെ ഡോ. ആർ. ലാൽതംഗ്‌ലിയാനയുടെ ശക്തമായ പ്രതിരോധവലയം ഭേദിച്ചത് 135 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കോൺഗ്രസ് സ്ഥാനാർഥി സി. ലാൽഡിന്റ്‌ ലുവാംഗ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 

8 മാസം മുൻപ് രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ച ജെജെ സൂപ്പർ ലീഗിൽ എറ്റവും കൂടുതൽ ഗോളടിച്ച രണ്ടാമത്തെ ഇന്ത്യക്കാരനാണ്. മിസോ സ്നൈപ്പർ എന്നാണ് ഓമനപ്പേര്. വീടുകയറിയുള്ള വോട്ടുചോദിക്കലിനു പൗരസംഘടനകൾ വിലക്കേർപ്പെടുത്തിയിരുന്ന മിസോറമിൽ കോർണർ മീറ്റിങ്ങുകൾ വഴിയായിരുന്നു പ്രചാരണം.

ഫുട്ബോൾ ഹരമായി കൊണ്ടുനടക്കുന്ന മിസോ യുവത്വത്തിനായി സ്വന്തം ഗ്രാമമായ നാഹ്തിയാലിൽ ജെജെ 12 ഫുട്ബോൾ അക്കാദമി എന്ന പേരിൽ പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ജയിക്കുമെന്നും സോറം മൂവ്മെന്റ് അധികാരത്തിലെത്തുമെന്നും പ്രചാരണത്തിനിടെ ജെജെ ‘മനോരമ’ പ്രതിനിധിയോട് പറഞ്ഞിരുന്നു. 


Source link

Related Articles

Back to top button