മാർക്രം, ബൗമ ക്യാപ്റ്റന്മാർ
ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റിൽ തെംബ ബൗമയും ഏകദിനം, ട്വന്റി-20 പരന്പരകളിൽ എയ്ഡൻ മാർക്രവുമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്മാർ. 2023 ഐസിസി ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ നയിച്ചത് ബൗമയായിരുന്നു. ലോകകപ്പിൽ ഫോം കണ്ടെത്താൻ വിഷമിച്ച ബൗമയുടെ പരിമിത ഓവർ കരിയർ അവസാനിച്ചതായുള്ള സൂചനയാണ് ഈ ടീം പ്രഖ്യാപനം എന്നാണ് നിരീക്ഷണം. ബൗമയ്ക്കും കഗിസൊ റബാഡയ്ക്കും ഏകദിന, ട്വന്റി-20 പരന്പരയിൽ വിശ്രമം അനുവദിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.
ജെറാൾഡ് ഗോറ്റ്സെ, മാർക്കൊ യാൻസണ്, ലുൻഗി എൻഗിഡി എന്നിവർ മൂന്നാം ട്വന്റി-20യിലും ഏകദിന പരന്പരയിലും ഇല്ല. ടെസ്റ്റിനു മുന്പ് വിശ്രമം ലഭിക്കേണ്ടതിനാണിത്. ഓൾ റൗണ്ടർ മിഹ്ലാലി എംപോംഗ് വാന, ബാറ്റർ ഡേവിഡ് ബേഡിംഗ്ഹാം, ഫാസ്റ്റ് ബൗളർ നന്ദ്രെ ബർജർ, ടെസ്റ്റ് ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. 10ന് നടക്കുന്ന ട്വന്റി-20യോടെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ആരംഭിക്കുക. മൂന്ന് വീതം ട്വന്റി-20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് പരന്പരയിലുള്ളത്. 17, 19, 21 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.
Source link