ബംഗളൂരു: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ അലയൊലികൾ അവസാനിച്ചിരിക്കേ, മറ്റൊരു ലോക പോരാട്ടത്തിന് ഇന്ത്യ വേദിയാകുന്നു. എഫ്ഐവിബി (രാജ്യാന്തര വോളിബോൾ ഫെഡറേഷൻ) നേതൃത്വം നൽകുന്ന ലോക ക്ലബ് ചാന്പ്യൻഷിപ്പിന് നാളെ മുതൽ തുടക്കം കുറിക്കും. ബംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. നാളെ മുതൽ ആരംഭിക്കുന്ന 19-ാം എഡിഷൻ പുരുഷ വോളിബോൾ ക്ലബ് ലോക ചാന്പ്യൻഷിപ്പിന്റെ ഫൈനൽ 10ന് നടക്കും. ഇന്ത്യയിൽ ആദ്യം ചരിത്രത്തിൽ ആദ്യമായാണ് വോളിബോൾ ക്ലബ് ലോക ചാന്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. ലോക വോളിബോളിലെ ഏറ്റവും വലിയ പോരാട്ടമാണ് ക്ലബ് ചാന്പ്യൻഷിപ്പ്. മുൻനിര താരങ്ങൾ കോർട്ടിലെത്തുമെന്നതാണ് ലോക ചാന്പ്യൻഷിപ്പിന്റെ ഏറ്റവും വലിയ ആകർഷണം. ഭൂഖണ്ഡ ചാന്പ്യൻഷിപ്പ് ജേതാക്കളായ ടീമുകളാണ് ലോക പോരാട്ട വേദിയിൽ എത്തുന്നത്. ടൂർണമെന്റിന്റെ മുന്നോടിയായി എക്കാലത്തെയും മികച്ച താരങ്ങൾ അണിനിരക്കുന്ന പ്രദർശന മത്സരവും അരങ്ങേറും. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഫാൻകോഡ് ആപ്പ് വഴി ആരാധകരിൽ എത്തും. അഹമ്മദാബാദ് ഡിഫെൻഡേഴ്സ് 2023 പ്രൈം വോളിബോൾ ലീഗ് ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് ഇന്ത്യയെ പ്രതിനിധീകരിച്ച് വോളി ക്ലബ് ലോക ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന നേട്ടം ഇതോടെ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനു സ്വന്തം.
2023 പ്രൈം വോളി ഫൈനലിൽ ബംഗളൂരു ടോർപ്പെഡോസിനെ 7-15, 10-15, 20-18, 15-13, 10-15നു കീഴടക്കിയായിരുന്നു അഹമ്മദാബാദ് ചാന്പ്യന്മാരായത്. കോട്ടയം സ്വദേശിയായ ഷോണ് ടി. ജോണ് ആയിരുന്നു ഡിഫെൻഡേഴ്സ് ടീമിലെ മലയാളി സാന്നിധ്യം. രാമസ്വാമി അങ്കമുത്തുവിന്റെ ക്യാപ്റ്റൻസിയിലാണ് ഡിഫെൻഡേഴ്സ് ലോക ക്ലബ് ചാന്പ്യൻഷിപ്പിന് ഇറങ്ങുന്നത്. ദക്ഷിണാമൂർത്തി സുന്ദരേശനാണ് ഡിഫെൻഡേഴ്സിന്റെ മുഖ്യപരിശീലകൻ. ആറ് ടീമുകൾ 2023 ക്ലബ് ലോക ചാന്പ്യൻഷിപ്പിൽ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് അടക്കം ആകെ ആറ് ടീമുകളാണുള്ളത്. രണ്ട് പൂളുകളിലായി മൂന്ന് ടീമുകൾ വീതം ആദ്യഘട്ടത്തിൽ പോരാടും. പൂളിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. 6,7,8 തീയതികളിലാണ് ലീഗ് റൗണ്ട്. ഒന്പതിന് സെമിയും 10ന് ഫൈനലും നടക്കും. ബ്രസീലിൽനിന്നുള്ള ഇതാംബേ മിനാസ് ക്ലബ്, ഇറ്റലിയിൽനിന്നുള്ള സർ സഫേറ്റി കൊനാഡ് പെറുഗിയ ടീമുകളാണ് പൂൾ എയിൽ അഹമ്മദാബാദ് ഡിഫെൻഡേഴ്സിന് ഒപ്പമുള്ളത്. തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർ കുളൂബൂ, ബ്രസീൽ ക്ലബ് സഡ ക്രുസീറൊ വോളി, ജാപ്പനീസ് ക്ലബ് സണ്ടോറി സണ്ബേഡ്സ് എന്നീ ടീമുകളാണ് പൂൾ ബിയിൽ. ചാന്പ്യൻഷിപ്പിന്റെ ആദ്യദിനമായ നാളെ ഹൽക്ബാങ്കും സണ്ബേഡ്സും വൈകുന്നേരം അഞ്ചിന് ഏറ്റുമുട്ടും. രാത്രി 8.30ന് അഹമ്മദാബാദ് ഇതാംബേ മിനാസുമായി കൊന്പുകോർക്കും.
Source link