അനിമൽ ‘കൾട്ട്’ എന്ന് തൃഷ; പിന്നാലെ വിവാദം; പോസ്റ്റ് പിൻവലിച്ചു

രൺബീർ കപൂർ നായകനായെത്തി ‘അനിമൽ’ സിനിമയെ പ്രശംസിച്ചെത്തിയ തൃഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. അനിമൽ സിനിമ കണ്ട ശേഷം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് തൃഷയെ കുഴപ്പത്തിലാക്കിയത്. ‘‘ഒറ്റ വാക്ക്- കള്‍ട്ട്’’ എന്നായിരുന്നു നടി സിനിമയെ വിശേഷിപ്പിച്ചത്. ഒപ്പം ചില സ്മൈലികളും കയ്യടിയുടെ ഇമോജിയും ചേര്‍ത്തിരുന്നു സം​ഗതി വിവാദമായതോടെ അവർ പിന്നീട് പോസ്റ്റ് പിൻവലിച്ചു.

സ്ത്രീ വിരുദ്ധ സിനിമയായ അനിമലിന്റെ പ്രമേയവും ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്ന മൻസൂർ അലി ഖാന്റെ തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശവും ചേർത്തായിരുന്നു നടിക്കെതിരെ വിമർശനം. സ്ത്രീകളുടെ അന്തസിനെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരാൾ ചോദിച്ചത്. വിമർശനങ്ങൾ രൂക്ഷമായതോടെ പോസ്റ്റ് പിൻവലിക്കാൻ തൃഷ നിർബന്ധിതയാവുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയദേവ് ഉനദ്ഘട്ട് സിനിമയെ വിമർശിച്ചെഴുതിയ പോസ്റ്റും രൺബീര്‍ ആരാധകരുടെ ആക്രമണത്തോെട പിൻവലിക്കുകയുണ്ടായി. ‘‘അക്ഷരാർഥത്തിൽ ദുരന്തമാണ് അനിമല്‍. ഇന്നത്തെ ലോകത്ത് പുരുഷാധിപത്യത്തെ വാഴ്ത്തിയിട്ട് അതിനെ കേവലം പരമ്പരാഗത പൗരുഷമെന്നും ആല്‍ഫ മെയില്‍ എന്നുമൊക്കെ വിശേഷിപ്പിക്കുന്നത് അധ:പതനമല്ലാതെ മറ്റൊന്നുമല്ല. കാടുകളിലോ കൊട്ടാരങ്ങളിലോ അല്ല നമ്മളിപ്പോള്‍ ജീവിക്കുന്നത്. യുദ്ധമോ വേട്ടയാടലോ ഇപ്പോള്‍ ചെയ്യുന്നില്ല. എത്ര നന്നായി അഭിനയിച്ചിട്ടും കാര്യമില്ല, ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന ഒരു സിനിമയില്‍ ഒരാള്‍ ഇത്തരം കാര്യങ്ങളെ വാഴ്ത്താന്‍ പാടില്ല. വിനോദ വ്യവസായത്തിലുള്ളവര്‍ക്കും സാമൂഹിക ഉത്തരവാദിത്തം എന്നൊന്നുണ്ട്. അത് മറക്കാന്‍ പാടില്ല. ഇത്രയും ശോചനീയമായ ഒരു ചിത്രം കാണാന്‍ ഞാനെന്‍റെ മൂന്ന് മണിക്കൂര്‍ ചെലവഴിച്ചതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.’’–ജയദേവ് ഉനദ്ഘട്ട് കുറിച്ചു.

എന്നാൽ രൺബീർ കപൂറിന്റെ ആരാധകർ ഇതിനെതിരെ എത്തിയതോടെ പോസ്റ്റ് ജയദേവ് പിൻവലിച്ചു.

വിശ്വാസ വഞ്ചന, അവിഹിതം, സ്ത്രീവിരുദ്ധത, ദ്വയാർഥ സംഭാഷണം എന്നിങ്ങനെയുള്ള കാര്യങ്ങളെ മഹത്വവൽക്കരിക്കുന്ന നിരവധി രംഗങ്ങൾ അനിമലിലുണ്ട്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുൻ ചിത്രമായ അർജുൻ റെഡ്ഡിക്കെതിരെയും സമാനരീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

English Summary:
Trisha Krishnan calls Ranbir Kapoor’s Animal ‘cult’ film in new post, deletes it after facing criticism


Source link
Exit mobile version