2018 ലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ കെ.ചന്ദ്രശേഖർ റാവു ഡൽഹിയിലേക്ക് ഒരു കസേര വലിച്ചിട്ടിരുന്നു. വേണ്ടിവന്നാൽ പ്രധാനമന്ത്രി പോലുമാകും എന്ന വിശ്വാസത്തിൽ മൂന്നാം മുന്നണിക്കു വേണ്ടി ചർച്ചകൾ നടത്തി. അക്കുറി ലഭിച്ച 88 സീറ്റെന്ന ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിൽ, തെലങ്കാന രാഷ്ട്രസമിതിയുടെ പേര് ഭാരത് രാഷ്ട്ര സമിതിയെന്നാക്കി; ദേശീയപാർട്ടിയാക്കാൻ. പേരിൽ നിന്നു തെലങ്കാന പോയപ്പോൾ, തെലങ്കാനയിലെ അധികാരക്കസേരയിൽ നിന്നു തങ്ങളും പോകുമെന്ന് ഇന്നലെ ഫലം വരുന്നതു വരെയും ചന്ദ്രശേഖർ റാവുവും കുടുംബവും വിശ്വസിച്ചിരുന്നില്ല. ദേശീയ നേതാവാകാൻ കളിച്ച് ആന്ധ്രയിൽ അടിപതറിയ ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥയായി കെസിആറിനും.
തെലങ്കാന രൂപീകരിക്കാൻ മരണംവരെ സത്യഗ്രഹമിരുന്ന കെസിആർ അതിന്റെ സകലനേട്ടങ്ങളും ഒറ്റയ്ക്ക് അനുഭവിച്ചയാളാണ്. സംസ്ഥാന രൂപീകരണശേഷമുള്ള 2 തിരഞ്ഞെടുപ്പുകളിലും ജയം നേടി, 9 വർഷം കൊണ്ട് പാർട്ടിക്കു വലിയ സംഘടനാബലം നൽകി. പക്ഷേ, തുടർഭരണം ആളുകളിൽ മടുപ്പുണ്ടാക്കിയതു തിരിച്ചറിയാൻ കഴിയാതെപോയി. പാർട്ടിയിലും സർക്കാരിലും കുടുംബവാഴ്ചയും അഴിമതിയുമെന്ന ആരോപണം അവഗണിച്ചു.
2018 ൽ 46.9% വോട്ടും ബിആർഎസിന്റെ പെട്ടിയിലായിരുന്നു. ഇക്കുറി അത് 37.4% ആയി ചുരുങ്ങി. 28% എന്നതു 39.55% ആയി കോൺഗ്രസ് ഉയർത്തി. രഹസ്യബാന്ധവമുണ്ടെന്നു പഴി കേട്ട ബിജെപിയാണ് ബിആർഎസിനെ ശരിക്കും ഞെട്ടിച്ചത്. 7 ൽ നിന്ന് 13.82% ആയി വോട്ട് ഉയർത്തി.
പ്രാദേശിക പാർട്ടിയായിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ ഉയരത്തിലേക്ക് എത്തിയ ശേഷമാണ് ബിആർഎസും കെസിആറും വീഴുന്നത്. ഉയരം കൂടിയതു കൊണ്ടു തന്നെ ആഘാതവും വലുതാണ്; ദേശീയമോഹം ഉപേക്ഷിക്കേണ്ട സ്ഥിതി, സംസ്ഥാനത്തു കളംപിടിക്കാൻ ഏറെ വിയർപ്പൊഴുക്കണം, ബിജെപി ശക്തി നേടുന്നതു കൂടുതൽ ക്ഷീണം ചെയ്യാം.
English Summary:
K Chandrashekar Rao played to be a national leader and got hit in Telangana
Source link