INDIALATEST NEWS

കളമൊഴിഞ്ഞ് കോൺഗ്രസ്; കളറാക്കി ബിജെപി

ന്യൂഡൽഹി ∙ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു തിരഞ്ഞെടുപ്പു വിജയത്തിന്റെ ആഘോഷം വിരിഞ്ഞു; 1000 ഇതളുള്ള താമര പോലെ. രാവിലെ ആദ്യഫല സൂചനകൾ പ്രതികൂലമായപ്പോൾ പാർട്ടി പ്രവർത്തകരിലുണ്ടായ ആശങ്ക അധികം വൈകാതെ ആഘോഷത്തിനു വഴിമാറി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ അവർ നൃത്തം ചവിട്ടി. ജയ് ശ്രീറാം, ഭാരത് മാതാ കീ, മോദി ജയ് വിളികൾ ആവേശത്തോടെ ഉയർന്നു. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഓഫിസിനു മുന്നിൽ പാർട്ടി പ്രവർത്തകർ മധുരം വിളമ്പി. മണിക്കൂറുകൾ നീണ്ട ആഘോഷത്തിന്റെ ആരവമുയർത്തി വൈകിട്ട് 7 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓഫിസിലെത്തി. 

‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം’ എന്ന ആശയം വിജയം കണ്ട ദിവസമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ചിലർ ശ്രമിച്ചുവെന്നും കോൺഗ്രസിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. ‘ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നതു തിരഞ്ഞെടുപ്പിൽ കണ്ടു. എന്നാൽ 4 വിഭാഗങ്ങളാണ് എനിക്കേറ്റവും പ്രധാനം. സ്ത്രീ ശക്തി, യുവശക്തി, കർഷകർ, നിർധന കുടുംബങ്ങൾ’– പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു വിജയത്തെ ചരിത്രനേട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

രാത്രി വൈകിയും പാർട്ടി ആസ്ഥാനത്തും പുറത്തെ റോഡിലും പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യങ്ങൾ മുഴക്കി. കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയ നേതാക്കളും ബിജെപി ആസ്ഥാനത്തെ ആഘോഷങ്ങളിൽ ഭാഗമാകാൻ എത്തിയിരുന്നു. അതേസമയം, അക്ബർ റോഡിലെ കോൺഗ്രസ് ആസ്‌ഥാനം ആളൊഴിഞ്ഞു കിടന്നു. വിരലിലെണ്ണാവുന്ന പാർട്ടി പ്രവർത്തകരുടെ മുഖത്തു പോലും കടുത്ത നിരാശ. തെലങ്കാനയിലെ വിജയത്തിന്റെ സന്തോഷം പോലും പ്രതിഫലിച്ചില്ല. എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ പ്രതീക്ഷയിൽ വിജയമാഘോഷിക്കാൻ പാർട്ടി ആസ്ഥാനത്ത് രാവിലെ എത്തിയ പ്രവർത്തകർ 10 മണിയോടെ കളമൊഴിഞ്ഞു.

English Summary:
Election victory celebrations of BJP Assembly Election 2023


Source link

Related Articles

Back to top button