INDIALATEST NEWS

തീയിൽ വെന്ത രേവന്ത്; പ്രതികാര രാഷ്ട്രീയം കളിച്ച കെസിആറിനെ തറപറ്റിച്ച് വീരവേഷത്തിൽ രേവന്ത്

ന്യൂഡൽഹി ∙ ജയിലിലായിരുന്ന അച്ഛൻ രേവന്ത് റെഡ്ഡിക്ക് മകൾ നൈമിഷയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ കിട്ടിയത് വെറും 12 മണിക്കൂറായിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ പ്രതികാരരാഷ്ട്രീയമെന്ന് ഒപ്പമുള്ളവർ പറഞ്ഞെങ്കിലും രേവന്ത് മിണ്ടിയില്ല. അനുവദിച്ചു കിട്ടിയ നേരത്ത് മകൾക്കും ഭാര്യ ഗീതയ്ക്കും അന്ന് ആന്ധ്ര മുഖ്യമന്ത്രിയും പ്രിയനേതാവുമായിരുന്ന ചന്ദ്രബാബു നായിഡുവിനും ഒപ്പം ഫോട്ടോയ്ക്കു നിന്നു. പ്രതികാരരാഷ്ട്രീയം കളിച്ച കെസിആറിനെ തറപറ്റിച്ച രേവന്തിന് അപ്രതീക്ഷിത മാറ്റങ്ങളുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിക്കസേര ലഭിച്ചേക്കും.

ടിഡിപിയിലായിരിക്കെ ലെജിസ്‌ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുടെ വോട്ടുറപ്പിക്കാൻ കോഴ നൽകിയെന്നതായിരുന്നു കെസിആറിനു കീഴിലെ വിജിലൻസ് ചുമത്തിയ കുറ്റം. ഫൈൻ ആർട്സ് ബിരുദം നേടിയ രേവന്ത് ആദ്യം പരസ്യ, പ്രിന്റിങ് കമ്പനിയും പിന്നീട് റിയൽ എസ്റ്റേറ്റും വരുമാനമാർഗമാക്കി.

ജൂബിലി ഹിൽസ് സഹകരണ സൊസൈറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കെസിആറുമായി സഹകരിച്ചാണു സജീവരാഷ്ട്രീയം തുടങ്ങിയത്. സീറ്റ് മോഹിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട്, ജില്ലാ പരിഷത്തിലേക്ക് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കുള്ള ക്വോട്ടയിൽ എംഎൽസിയായും ജയിച്ചതോടെ ആന്ധ്ര രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു. 

അന്നു കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖർ റെഡ്ഡി കോൺഗ്രസിലേക്കു ക്ഷണിച്ചെങ്കിലും വളരാൻ പറ്റിയ ഇടം പ്രതിപക്ഷമെന്നു തിരിച്ചറിഞ്ഞ് ടിഡിപിക്കൊപ്പം ചേർന്നു. കോടങ്കലിൽനിന്നു 2 തവണ എംഎൽഎയായി. പാർട്ടിയുടെ വർക്കിങ് പ്രസിഡന്റും. പിന്നാലെ കോഴക്കേസിൽ കുടങ്ങി. 

തെലങ്കാനയിൽ ടിഡിപിക്കാരെ ഒന്നൊന്നായി ടിആർഎസ് വലയിലാക്കിയപ്പോൾ, ഭാര്യയുടെ അമ്മാവനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എസ്. ജയ്പാൽ റെഡ്ഡിയുടെ കോൺഗ്രസിലാണ് രേവന്ത് അഭയം കണ്ടത്. പെട്ടെന്നുതന്നെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. ഇ.ഡി അന്വേഷണം വന്നതോടെ 2018 ൽ നിറംകെട്ടു. പക്ഷേ, അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുംജയം നേടി. 2021 ൽ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി. ആൾക്കൂട്ടത്തെ അണിനിരത്തി രാഹുൽ ഗാന്ധിയുടെയും ഹൈക്കമാൻഡിന്റെയും പ്രീതി നേടി. കെസിആറിനെ കാമറെഡ്ഡിയിൽ നേരിടാൻ ഇറങ്ങിയതിലൂടെ നേതാവ് താനാണെന്ന് അടിവരയിട്ടു.

പാർട്ടി ആസ്ഥാനത്തു കെസിആറിന്റെ പൊലീസ് കയറിയപ്പോഴും മറുത്തൊന്നും പറഞ്ഞില്ല. തിര‍ഞ്ഞെടുപ്പുകാറ്റ് കോൺഗ്രസിനൊപ്പമെന്ന് അറിഞ്ഞപാടെ ഡിജിപി ഉൾപ്പെടെ രേവണ്ണയുടെ വീട്ടിലെത്തി സല്യൂട്ടടിച്ചു. 

താടിയും മീശയും
2015 ലെ എംഎൽഎസി തിരഞ്ഞെടുപ്പിൽ വോട്ടിനു കോഴ നൽകിയെന്ന കേസിൽ അറസ്റ്റിലാകുമ്പോൾ മീശ പിരിച്ചു മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ വെല്ലുവിളിച്ചായിരുന്നു രേവന്ത് ജയിലിലേക്കു പോയത്. അന്നുവരെ മീശ മാത്രം സ്റ്റൈലാക്കിയ നേതാവ് പിന്നീടു താടിയുമായാണു തെലങ്കുരാഷ്ട്രീയത്തിൽ തിരിച്ചെത്തിയത്. 

കോൺഗ്രസ് പരാജയപ്പെട്ട 2018 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച ഉത്തംകുമാർ റെഡ്ഡി നടത്തിയ പ്രതിജ്ഞയും ഇപ്പോൾ ചർച്ചയാണ്; തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്താതെ താടിയെടുക്കില്ലെന്നായിരുന്നു ഉത്തംകുമാറിന്റെ വാക്കുകൾ. ഉത്തം കുമാർ ഹുസൂർനഗറിലും ഭാര്യ പത്മാവതി കോടാടും ജയിച്ചു.

English Summary:
Revanth Reddy becomes hero by unseating K Chandrashekar Rao from chief minister post


Source link

Related Articles

Back to top button