പാരീസിൽ ഭീകരാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് യുവാവ് കത്തിയും ചുറ്റികയും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഒരു ജർമൻ പൗരൻ കൊല്ലപ്പെട്ടു. ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരായ രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദക്കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാത്രി ഈഫൽ ടവറിനടുത്തായിരുന്നു സംഭവം. ആക്രമണം നടത്തിയ അർമാദ് ആർ. (26) എന്ന ഫ്രഞ്ച് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻകാരനെ കത്തിക്കു കുത്തിക്കൊല്ലുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ ഇടപെട്ടപ്പോൾ അക്രമി ഓടി രക്ഷപ്പെട്ടു. തുടർന്നാണ് ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിനെയും അറുപതിനടുത്തു പ്രായമുള്ള ഫ്രഞ്ചുകാരനെയും ചുറ്റികയ്ക്ക് ആക്രമിച്ചത്.
‘അല്ലാഹു അക്ബർ’ എന്നുവിളിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ഡർമാനിൻ അറിയിച്ചു. പലസ്തീനിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകൾ കൊല്ലപ്പെടുന്നതിൽ തനിക്കു വിഷമമുള്ളതായി അക്രമി പോലീസിനോടു പറഞ്ഞു. മറ്റൊരു ആക്രമണത്തിനു പദ്ധതിയിട്ടതിന് 2016ൽ അറസ്റ്റിലായ ഇയാൾ നാലു വർഷം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. പോലീസിന്റെ നിരീക്ഷണപട്ടികയിൽ ഉൾപ്പെട്ടിരുന്ന അക്രമി മാനസികപ്രശ്നങ്ങൾ നേരിടുന്നതായും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. നിരപരാധികളായ മുസ്ലിംകൾ കൊല്ലപ്പെടുന്നതിൽ ഫ്രഞ്ച് സർക്കാരിനെ വിമർശിക്കുന്ന വീഡിയോ ആക്രമണത്തിനു മുന്പ് ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Source link