മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തോൽവി. എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് 0-1ന് എഫ്സി ഗോവയോട് പരാജയപ്പെട്ടു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റൗളിൻ ബോർഗസിന്റെ (45+1’) വകയായിരുന്നു ഗോവയുടെ ജയം കുറിച്ച ഗോൾ. എട്ട് കോർണർ സ്വന്തമാക്കിയെങ്കിലും ഗോൾവല കുലുക്കാൻ കൊന്പന്മാർക്കു സാധിച്ചില്ല. അതേസമയം, ഷോട്ടിലും (12-10), ഷോട്ട് ഓണ്‍ ടാർഗറ്റിലും (4-3) ഗോവക്കാർ മുന്നിട്ടുനിന്നു. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോൽവിയാണ്. രണ്ട് തോൽവിയും എവേ പോരാട്ടത്തിലാണെന്നതും ശ്രദ്ധേയം. ജയത്തോടെ ഏഴ് മത്സരങ്ങളിൽ 19 പോയിന്റുമായി എഫ്സി ഗോവ ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി.
ഒന്‍പത് മത്സരങ്ങളിൽ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാമതുണ്ട്. അഞ്ച് മത്സരങ്ങളിൽ 15 പോയിന്റുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റ്, അഞ്ച് മത്സരങ്ങളിൽ 11 പോയിന്റുള്ള മുംബൈ സിറ്റി എഫ്സി എന്നിവ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സ്ഥാനത്തിനു വെല്ലുവിളിയായി പിന്നാലെയുണ്ട്. ഒഡീഷയ്ക്ക് ഏഴ് മത്സരങ്ങളിൽ 13 പോയിന്റുണ്ടെന്നതും മഞ്ഞപ്പടയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് ഭീഷണിയാണ്.
Source link