പതിറ്റാണ്ടുകൾക്ക് മുൻപ് കൊല്ലം ജില്ലയിലെ ഒരു അവികസിത ഗ്രാമത്തിൽ ഒരാളുടെ ഇരട്ടപ്പേര്: ‘ഇയാഗോ’ എന്നായിരുന്നു. ഷേക്‌സ്‌പിയറുടെ വിശ്വപ്രസിദ്ധമായ ഒഥല്ലോ നാടകത്തിലെ കഥാപാത്രം. കോളജ് വിദ്യാഭ്യാസവും ഇംഗ്ലിഷ് പഠനവും അത്ര വ്യാപകമല്ലാതിരുന്നിട്ടും ആ ഗ്രാമത്തിൽ ഒരാൾക്ക് ഈ പേര് ഉണ്ടാകാനുളള സാധ്യത അന്വേഷിച്ചവർക്ക് ലഭിച്ച ഉത്തരം: ‘സാംബശിവന്റ കഥാപ്രസംഗം കേട്ടിട്ടാണ് ഇയാഗോയെന്ന പേര് കിട്ടിയത്.’ ഒഥല്ലോയിലെ ഇയാഗോയെ സാംബശിവൻ കഥാപ്രസംഗത്തിൽ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു.– ‘ 100 നാരദൻ = ഒരു ഇയാഗോ, 400 ശകുനി = ഒരു ഇയാഗോ’.
ഇയാഗോയുടെ സ്വഭാവമുണ്ടെന്നു തോന്നിയ ആളിനു നാട്ടുകാർ ആ പേരിട്ടു. കഥാപ്രസംഗത്തിന്റെ സ്വാധീനം എത്രയെന്നു വ്യക്‌തമാക്കുന്നതായിരുന്നു ആ ഗ്രാമത്തിൽ നിന്നുള്ള സംഭവം.
കഥാപ്രസംഗത്തിന്റെയും കാഥികരുടെയും പ്രൗഢിനിറഞ്ഞ പഴയകാലവും ഇപ്പോഴത്തെ അവസ്ഥയെയും തുറന്നു കാട്ടുകയാണ് ‘കാഥികൻ’ എന്ന സിനിമയിലൂടെ ജയരാജ്. 20,000 ലേറെ വേദികളിലൂടെ വിശ്വസാഹിത്യം ഉൾപ്പെടെ 55 കഥകൾ അവതരിപ്പിച്ച് മലയാളിയുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ വി.സാംബശിവന്റെ വേർപാടിന്റെ 27 –ാം വർഷത്തിലാണ് കാഥികരുടെ ജീവിതാവസ്ഥയിലേക്ക് ജയരാജ് സഞ്ചരിക്കുന്നത്. തിരക്കഥയും ജയരാജ് തന്നെയാണ്.
ഒരു ജുവനൈൽ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ പറയുന്നത്. മുകേഷാണ് കാഥികൻ ചന്ദ്രസേനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജുവനൈൽ ഹോം സൂപ്രണ്ടായി എത്തുന്നത് ഉണ്ണി മുകുന്ദൻ. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചെയ്ത തെറ്റിന്റെ പേരിൽ കുറ്റവാളിയായി മുദ്രകുത്തിയ ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ കണ്ടെത്തി അവനെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ച് നല്ല മനുഷ്യനാക്കി മാറ്റാൻ ശ്രമിക്കുന്ന സൂപ്രണ്ടും അതിനു താങ്ങും തണലുമായി എത്തുന്ന കാഥികനും.
പുതുമുഖം കൃഷ്ണാനന്ദ് ഗോപു ആണ് ബാലതാരം. അനശ്വരനായ സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയാണ് സംഗീതം. കൂടാതെ സലിൽ ചൗധരിയുടെ മകൾ ആന്ദ്രാ ചൗധരി ഇതിൽ ഒരു ബംഗാളി ഗാനം ആലപിച്ചിട്ടുണ്ട്. ഗാനരചന: വയലാർ ശരത് ചന്ദ്രവർമ, ക്യാമറ: ഷാജികുമാർ, എഡിറ്റിങ്: വിപിൻ വിശ്വകർമ, ഡോ. മനോജ് ഗോവിന്ദ്, ജയരാജ് എന്നിവരാണ് നിർമാണം.
English Summary:
jayaraj’s Kadhikan Movie Releasing on December 8th
Source link