ബംഗളൂരു: ഇന്ത്യ x ഓസ്ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം ഇന്ന് ബംഗളൂരുവിൽ. നാലാം മത്സരത്തിൽ 20 റണ്‍സ് ജയം സ്വന്തമാക്കിയ ഇന്ത്യ പരന്പര ഇതിനോടകം ഉറപ്പിച്ചു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലെ ആദ്യ പരന്പരതന്നെ സ്വന്തമാക്കാൻ ടീം ഇന്ത്യക്കു സാധിച്ചു എന്നതും ശ്രദ്ധേയം. ഇരുടീമും മുൻനിര താരങ്ങളുടെ അഭാവത്തിലാണ് കളത്തിലെത്തിയത്. പരന്പരയിലെ അവസാന മത്സരത്തിൽ ജയിച്ച് ഇന്ത്യ 4-1ന് ട്രോഫി കൈക്കലാക്കുമോ? അതോ പോരാട്ടം ഇനിയും ബാക്കിയുണ്ടെന്നു വ്യക്തമാക്കി ജയത്തോടെ ഓസ്ട്രേലിയ 3-2ന് പരന്പര അവസാനിപ്പിക്കുമോ എന്നതാണ് ഇന്നറിയേണ്ടത്. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യൻ ബാറ്റിംഗിന്റെ അടിത്തറ. എന്നാൽ, ഇതുവരെ പവർപ്ലേയ്ക്ക് പുറത്തേക്ക് കളിക്കാൻ ജയ്സ്വാളിനു സാധിച്ചിട്ടില്ല. നാലാം ട്വന്റി-20യിൽ നാലു മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യ ഇന്നും ചില അഴിച്ചുപണി നടത്തിയേക്കും. വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നൽകുകയായിരിക്കും അതിൽ പ്രധാനം.
ചരിത്ര ഇന്ത്യ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയം എന്ന റിക്കാർഡ് സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി-20യിൽ 20 റണ്‍സ് ജയം നേടിയതോടെയാണ് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യയുടെ 136-ാം ജയമായിരുന്നു. 135 ജയം നേടിയ പാക്കിസ്ഥാനെയാണ് ഇന്ത്യ പിന്തള്ളിയത്. 213 മത്സരങ്ങളിലാണ് ഇന്ത്യയുടെ 136 ജയം. 226 മത്സരങ്ങളിലാണ് പാക്കിസ്ഥാൻ 135 ജയം നേടിയത്. 200 മത്സരങ്ങളിൽ 102 ജയമുള്ള ന്യൂസിലൻഡാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്ത്. ഈ മൂന്ന് ടീമുകൾക്കു മാത്രമേ രാജ്യാന്തര ട്വന്റി-20യിൽ 100ൽ അധികം ജയം അവകാശപ്പെടാനുള്ളൂ.
Source link