എഫ്സി ഗോവ x കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന്

മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിലെ ഒന്പതാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് എവേ വേദിയിൽ. എഫ്സി ഗോവയാണ് കൊന്പന്മാരുടെ എതിരാളി. ഫത്തോർഡ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് കിക്കോഫ് നടക്കും. പരീക്ഷണം നടത്തി ചെന്നൈയിനെതിരേ സമനില വഴങ്ങിയ ക്ഷീണവുമായാണ് ഗോവയിൽ ബ്ലാസ്റ്റേഴ്സ് എത്തിയിരിക്കുന്നത്. പ്രതിരോധത്തിൽ പ്രീതം കോട്ടാലിനെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തി ചെന്നൈയിനെതിരേ ഇറങ്ങിയ കൊന്പന്മാർ 3-3നു സമനിലയിൽ കുടുങ്ങി. ലീഗ് ടേബിളിൽ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരാനുള്ള അവസരമായിരുന്നു ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്.
തലപ്പത്തെ പോരാട്ടം എട്ട് മത്സരങ്ങളിൽ 17 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി രണ്ടാമതുള്ള ഗോവയും തമ്മിൽ അരങ്ങേറുന്നത് തലപ്പത്തെ പോരാട്ടം. കുറവ് മത്സരം കളിച്ചതിന്റെ ആനുകൂല്യം ഗോവയ്ക്കുണ്ടെന്നതും വാസ്തവം. ഇന്ന് ജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ ലീഗ് വിന്നേഴ്സ് ഷീൽഡ് എന്ന സ്വപ്നത്തിനു കോട്ടം സംഭവിക്കാതിരിക്കൂ. ഈ സീസണിൽ കൊച്ചി ക്ലബ്ബിന്റെ മൂന്നാം എവേ പോരാട്ടമാണ് ഇന്നത്തേത്. എവേ പോരാട്ടങ്ങളിൽ ഒന്നിൽ പരാജയപ്പെട്ടപ്പോൾ (മുംബൈ) രണ്ടാമത്തേത് (ഈസ്റ്റ് ബംഗാൾ) ജയിച്ചിരുന്നു.
Source link