വലിയ വിടർന്ന ചെവികൾ ബുദ്ധിയുടെയും ഭാഗ്യത്തിന്റെയും ലക്ഷണമോ? അറിയാം ഫലങ്ങൾ

ചെവികൾ കേൾക്കാൻ മാത്രമല്ല വ്യക്തിത്വത്തെ പറ്റി പറഞ്ഞുതരികയും ചെയ്യും. മുഖ ലക്ഷണം ശരീരത്തിന്റെ അവയവങ്ങളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കി ഓരോ വ്യക്തിയുടെയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം വിശകലനം ചെയ്യുന്ന ജ്യോതിശാസ്ത്ര ശാഖയാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രിക ശാസ്ത്രപ്രകാരം ഓരോ അവയവത്തിന്റെയും ആകൃതി, ഘടന, നിറം, അടയാളങ്ങൾ എന്നിവ ഓരോരുത്തരുടെയും വ്യക്തിത്വവുമായി അങ്ങേയറ്റം ബന്ധപ്പെട്ടു കിടക്കുന്നു. അത്തരത്തിൽ വ്യത്യസ്ത ആകൃതിയും ഘടനയുമുള്ള ചെവികൾ ഓരോരുത്തരുടെയും വ്യക്തിത്വത്തെ പറ്റി വെളിപ്പെടുത്തുന്നത് എന്താണെന്ന് നോക്കാം.

ചെറിയ ചെവികൾ : സാമുദ്രിക ശാസ്ത്രപ്രകാരം ചെറിയ ചെവികൾ ഉള്ളവർ പൊതുവേ പണം ചിലവഴിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നവരാണ്. അത്തരക്കാർക്ക് പണം എങ്ങനെ സൂക്ഷിക്കണമെന്ന് നന്നായി അറിയാം. അത്യാവശ്യമില്ലെങ്കിൽ സ്വന്തം കാര്യത്തിന് പോലും പണം ചിലവഴിക്കാൻ ഇവർ കൂട്ടാക്കില്ല. സമൂഹവുമായി ബന്ധപ്പെടാനുള്ള കഴിവും ഇവർക്ക് കുറവായിരിക്കും. ഓരോ വ്യക്തികളെയും ചെയ്യുന്ന പ്രവർത്തികളെയും സംശയത്തോടെ നോക്കുന്നവരാണ് ഈ കൂട്ടർ. എന്നാൽ പല സാഹചര്യങ്ങളിലും ഇവർ വിശ്വസ്തരുമാണ്.

തീരെ ചെറിയ ചെവി: അസാമാന്യമാം വിധത്തിൽ ചെറിയ ചെവിയുള്ളവർ മതപരമായ വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നവർ ആയിരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഇവർ അതിൽ നിന്നും പണം സമ്പാദിക്കുകയും ചെയ്യും. ചഞ്ചലതയുള്ള സ്വഭാവം ഇവരെ ചില സമയങ്ങളിൽ വലിയ കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്.

നീണ്ട ചെവികൾ: നീണ്ട ചെവികൾ കഠിനാധ്വാനത്തിന്റെ അടയാളമാണ്. ഒരു ജോലിയും ഇവർ പാതിവഴിയിൽ ഉപേക്ഷിക്കില്ല. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഏൽപ്പിച്ചിരിക്കുന്ന ജോലി പൂർത്തിയായ ശേഷമേ ഇവർ പിന്തിരിയൂ. ബുദ്ധിശക്തി ഏറെയുള്ളതിന്റെ ലക്ഷണം കൂടിയാണ് നീണ്ട ചെവികൾ. ഏതുകാര്യവും ആഴത്തിൽ വിശകലനം ചെയ്ത ശേഷം മാത്രമേ ഇവർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കു.

Image Credit: Rattankun Thongbun/ Istock

വീതിയുള്ള ചെവികൾ: നീളവുമായി താരതമ്യം ചെയ്യുമ്പോൾ ചെവികൾക്ക് വീതി ഏറെയാണെങ്കിൽ അത്തരക്കാർ ഭാഗ്യമുള്ളവരാണെന്നാണ് വിശ്വാസം. സ്വപ്രയത്നത്തിലൂടെയും അർപ്പണ മനോഭാവത്തിലൂടെയും ജീവിതത്തിലെ എല്ലാ സുഖങ്ങളും ഇവർ നേടും. ഗുണകരമായി മുന്നിലെത്തുന്ന ഒരു അവസരവും പാഴാക്കാൻ ഈ കൂട്ടർ തയ്യാറാവില്ല. വിജയത്തിന്റെ അടയാളം കൂടിയാണ് വീതിയേറിയ ചെവികൾ.
കട്ടിയുള്ള ചെവികൾ: ധൈര്യത്തിന്റെയും നേതൃപാടവത്തിന്റെയും സൂചനയായി കട്ടി കൂടുതലുള്ള ചെവികളെ കണക്കാക്കാം. പൊതുവേ ഇത്തരം ചെവികളുള്ളവർ പ്രഭാഷകരോ രാഷ്ട്രീയക്കാരോ എഴുത്തുകാരോ ഒക്കെ ആയിത്തീരാനാണ് സാധ്യത. ഏതു ജോലിയും ഏറെ ഉത്സാഹത്തോടെ ആരംഭിക്കുന്നവരാണ് ഈ കൂട്ടർ. എന്നാൽ ഇവരുടെ സ്വഭാവം മറ്റുള്ളവരെ പലപ്പോഴും പ്രകോപിപ്പിക്കാറുമുണ്ട്.

ഗജകർണ്ണങ്ങൾ: മുഖത്തിന്റെ അളവിന് ആനുപാതികമല്ലാത്ത വലിയ ചെവികൾ ഐശ്വര്യത്തിന്റെ അടയാളമാണ്. അത്തരം ചെവികൾളുള്ളവർ ജോലികളിൽ വിജയിക്കുന്നവരും ദീർഘായുഷ്മാന്മാരും ആയിരിക്കും. സമൂഹത്തിൽ നിലയും വിലയും നേടാൻ ഇവർക്കാവും. നന്നായി സംസാരിക്കാൻ അറിയുന്ന ഇവർ മറ്റുള്ളവരെ കേൾക്കാനും സമയം നീക്കിവയ്ക്കുന്നവരാണ്.
വൃത്താകൃതിയിലുള്ള വിടർന്ന ചെവികൾ: ഇത്തരം ചെവികളുള്ളവർ പൊതുവേ വിശ്വസ്തരായിരിക്കും. ഏറെ ഉത്തരവാദിത്വ ബോധമുള്ള ഇവരെ കണ്ണുമടച്ച് ആശ്രയിക്കാം. ഏതു കാര്യത്തിലും മറ്റുള്ളവർക്ക് ഉപദേശങ്ങൾ നൽകാനോ പിന്തുണയേകാനോ മടിക്കാത്തവരാണ് ഇക്കൂട്ടർ. എന്നു മാത്രമല്ല മറ്റുള്ളവർ ഉണ്ടാക്കിവയ്ക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കഴിവും ഇവർക്ക് ഉണ്ടാവും. ചതിയും വഞ്ചനയും ഒരിക്കലും ക്ഷമിക്കാത്തവരുമാണ് ഇവർ. വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും ആവശ്യമുണ്ടായാൽ ഏതുസമയത്തും ആവുംവിധം സഹായം ചെയ്യാൻ ഇത്തരക്കാർ ശ്രമിക്കുകയും ചെയ്യും.

English Summary:
Samudrika Shastra: Ears not only listen but also say something


Source link
Exit mobile version