നാലാം ട്വന്റി-20യിൽ ഇന്ത്യക്ക് 20 റൺസ് ജയം, പരന്പര
റായ്പുർ: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് ആദ്യ ട്വന്റി-20 ക്രിക്കറ്റ് പരന്പര. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി-20 പരന്പരയിൽ20 റൺസ് ജയം നേടിയതോടെ ഇന്ത്യ അഞ്ച് മത്സര പരന്പര 3-1ന് ഉറപ്പിച്ചു. പരന്പരയിലെ അവസാന മത്സരം നാളെ ബംഗളൂരുവിൽ അരങ്ങേറും. 175 റൺസ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഓസ്ട്രേലിയയുടെ പോരാട്ടം 154ന് അവസാനിച്ചു. 36 റൺസുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ മാത്യു വേഡാണ് ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഇന്ത്യക്കുവേണ്ടി അക്സർ പട്ടേൽ മൂന്നും ദീപക് ചാഹർ രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ മിന്നും തുടക്കമാണിട്ടത്. 28 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 37 റണ്‍സ് അടിച്ചെടുത്തശേഷം ജയ്സ്വാൾ മടങ്ങി. ആറാം ഓവറിന്റെ അവസാന പന്തിൽ ജയ്സ്വാൾ പുറത്താകുന്പോൾ ഇന്ത്യൻ സ്കോർ 50ൽ എത്തി. ജയ്സ്വാളിനു പിന്നാലെ ശ്രേയസ് അയ്യർ (8), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1) എന്നിവരെ തുടരെ ഇന്ത്യക്ക് നഷ്ടമായി. അതോടെ 8.1 ഓവറിൽ മൂന്നിന് 63 എന്ന നിലയിലായി ഇന്ത്യ. നാലാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്വാദും (28 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 32) റിങ്കു സിംഗും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു.
ക്രീസിൽ എത്തിയപ്പോൾ മുതൽ റിങ്കു സിംഗ് ആക്രമണം അഴിച്ചുവിട്ടു. സ്വിച്ച് ഹിറ്റിലൂടെ ക്രിസ് ഗ്രീനിനെ സിക്സർ പറത്തിയ റിങ്കുസിംഗിന് ഒപ്പം വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ചേർന്നു. 19 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 35 റണ്‍സ് നേടിയ ജിതേഷ് ശർമ ബെൻ ഡ്വാർഷ്യസിന്റെ പന്തിൽ പുറത്ത്. 32 പന്തിൽ 56 റണ്‍സ് നേടിയശേഷമാണ് റിങ്കു-ശർമ കൂട്ടുകെട്ട് പിരിഞ്ഞത്. തൊട്ടടുത്ത പന്തിൽ അക്സർ പട്ടേലിനെ ഗോൾഡൻ ഡെക്കാക്കി ഡ്വാർഷ്യസ് ഇരട്ട പ്രഹരമേൽപ്പിച്ചു. 29 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 46 റണ്‍സ് നേടി ഇന്ത്യൻ പോരാട്ടം നയിച്ച റിങ്കു സിംഗിനെ ബെഹറെൻഡോഫ് വിക്കറ്റിനു മുന്നിൽ കുടുക്കി. ഓസ്ട്രേലിയയ്ക്കുവേണ്ടി തൻവീർ സംഘ, ജേസണ്‍ ബെഹ്റെൻഡോഫ് എന്നിവർ രണ്ട് വീതവും ബെൻ ഡ്വാർഷ്യസ് മൂന്നും വിക്കറ്റും സ്വന്തമാക്കി. തിലക് വർമ, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ് എന്നിവർക്ക് പകരമായി ശ്രേയസ് അയ്യർ, ജിതേഷ് ശർമ, മുകേഷ് കുമാർ, ദീപക് ചാഹർ എന്നിവരുമായാണ് ഇന്ത്യ ഇറങ്ങിയത്.
Source link