CINEMA

ആ നടന്നുവരുന്നത് പൃഥ്വിരാജ് തന്നെ, നോ അനിമേഷൻ; ‘ആടുജീവിതം’ അദ്ഭുതമാകും

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസിയുടെ ആടുജീവിതം റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.  റിലീസ് പ്രമൊയിൽ വിജനമായ മരുഭൂമിയിലൂടെ കാലു വലിച്ചിഴച്ച് ഒരു മനുഷ്യൻ വരുന്നുണ്ട്.  കറുത്തിരുണ്ട വസ്ത്രവും ശരീരവും മുടിയുമൊന്നും തമ്മിൽ തിരിച്ചറിയാത്ത വിധം പ്രാകൃതമായിരിക്കുന്ന ആ രൂപം പൃഥ്വിരാജ് സുകുമാരനാണ്. ആ നടന്നുവരുന്ന മനുഷ്യരൂപം അനിമേഷൻ ആണോ എന്ന സംശയം ചിലരിൽ ഉടലെടുത്തിരുന്നു. ടൈറ്റിൽ കാണിക്കുന്നതല്ലാതെ മറ്റെല്ലാം സിനിമയുടെ യഥാർഥ ഫൂട്ടേജിൽ നിന്നുള്ള രംഗങ്ങളാണ്.

വിഡിയോയിൽ എ.ആർ. റഹ്‌മാന്റെ മനോഹര സംഗീതത്തിനൊപ്പം തന്നെ ചർച്ചയായിരിക്കുകയാണ് പൃഥ്വിരാജിന്റെ ഈ വേഷപ്പകർച്ചയും. ചിത്രം 2024 ഏപ്രിൽ 10 ന് തിയറ്ററിലെത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്ന ടാഗ്‌ലൈനോടെ വരുന്ന പ്രമൊയിൽ മരുഭൂമിയിലൂടെ പൃഥ്വിരാജ് നടന്നുവരുന്ന സിനിമയിലെ സീൻ തന്നെയാണ് കാണിച്ചിരിക്കുന്നത്. പാറിപ്പറന്ന മുടിയും അഴുക്ക് പുരണ്ട മുഖവുമൊക്കെയായി മേക്കോവര്‍ മാത്രമല്ല പ്രകടനത്തിലും പൃഥ്വി പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. മാസ്മരിക സംഗീതത്തോടൊപ്പം മനോഹരമായ ദൃശ്യമെങ്കിലും ഭീതിപ്പെടുത്തുന്ന അനന്തമായ മരുഭൂമി കാണുമ്പോൾ ആടുജീവിതം എന്ന നോവൽ വായിച്ചിട്ടുള്ളവർ ഒരിക്കൽക്കൂടി നജീബിന്റെ ഭീകരമായ ജീവിതത്തിലൂടെ കടന്നുപോയിരിക്കും.

ബെന്യാമിന്റെ ബെസ്റ്റ് സെല്ലറായ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം.  ഇംഗ്ലീഷിൽ ഗോട്ട് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ 90-കളുടെ തുടക്കത്തിൽ കേരളത്തിലെ പച്ചപ്പ് നിറഞ്ഞ തീരത്ത് നിന്ന് സൗദി അറേബിയയിൽ ഭാഗ്യം തേടിഎത്തി മരുഭൂമിയുടെ നടുവിൽ ഒറ്റപ്പെട്ടുപോയ നജീബ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.  ചിത്രത്തെക്കുറിച്ച് സംസാരിച്ച ബ്ലെസി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്, “സാർവത്രിക പ്രസക്തിയുള്ള ആടുജീവിതം എന്ന നോവലിന്റെ ആഖ്യാന ശൈലിയോട് സത്യസന്ധത പുലർത്തി തന്നെ സിനിമയും ചിത്രീകരിക്കണം എന്നുള്ളതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഒരാൾക്ക് യഥാർത്ഥത്തിൽ സംഭവിച്ച അവിശ്വസനീയമായ അനുഭവങ്ങളുടെ നേർക്കാഴ്ചയായ ഈ നോവൽ അതേപടി പ്രേക്ഷകരിൽ എത്തിച്ച് അവരെ ആകർഷിക്കുന്നത് ചില്ലറക്കാര്യമല്ല.  ഒരു തീയറ്ററിന്റെ പരിധിയിൽ ഈ മഹത്തായ കഥ ഉൾക്കൊള്ളിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് നജീബിന്റെ ജീവിതം എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.”

ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല മറിച്ച് ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ്.  ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ പഞ്ചായത്തിലുള്ള നജീബ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവല്‍ രചിച്ചിരിക്കുന്നത്.  ചിത്രത്തിൽ നജീബായി എത്തുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.  പൃഥ്വിരാജ് ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തതയും വെല്ലുവിളിയും നിറഞ്ഞ കഥാപാത്രമായിരിക്കും ആടുജീവിതത്തിലെ നജീബ്.  വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതം നയിക്കുന്ന നജീബ് എന്ന “ഭീകരരൂപി” ആയ മനുഷ്യനായി അക്ഷരാർഥത്തിൽ പൃഥ്വിരാജ് മാറി എന്നത് ആ നടന്റെ അഭിനയത്തോടുള്ള പ്രണയത്തിന്റെയും ജോലിയോടുള്ള ആത്മാർഥതയുടെയും വെളിപ്പെടലാണ്. 

കോവിഡ് ലോകമെമ്പാടും ഭീതിവിരിച്ചപ്പോഴും ചിത്രീകരണം തുടർന്ന ഏക ചിത്രമാണ് ആടുജീവിതം.  കോവിഡ് കാലത്ത് ചിത്രത്തിന്റെ 58 അംഗ അഭിനായേതാക്കളും സംഘവും 70 ദിവസത്തിലധികം ജോർദാനിൽ കുടുങ്ങിയത് ഏറെ ചർച്ചയായിരുന്നു.  പൃഥ്വിരാജിനൊപ്പം ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ശോഭ മോഹൻ,  കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആടുജീവിതത്തിന്റെ ഛായാഗ്രഹണം സുനിൽ കെ എസ്, എഡിറ്റിംഗ് ശ്രീകർ പ്രസാദ്. രണ്ട് അക്കാദമി അവാർഡ് ജേതാക്കളായ എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിയും യഥാക്രമം സംഗീതവും ശബ്ദ രൂപകൽപ്പനയും കൈകാര്യം ചെയ്യുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. 

English Summary:
Aadujeevitham Movie Release Promo


Source link

Related Articles

Back to top button