വനസംരക്ഷണ നിയമഭേദഗതി: സ്റ്റേ ആവശ്യം അംഗീകരിച്ചില്ല

ന്യൂഡൽഹി ∙ വനസംരക്ഷണനിയമ ഭേദഗതി ഇന്നു പ്രാബല്യത്തിൽ വരുമെങ്കിലും വനഭൂമിയിൽ ഇളവു നൽകുന്നതിനു ധൃതിപിടിച്ചു തീരുമാനങ്ങളുണ്ടാകില്ലെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഉറപ്പുനൽകി. ഇതിനായി വിശദമായ മാർഗരേഖ തയാറാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ, ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതു സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. 13 റിട്ട. ഉദ്യോഗസ്ഥരാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, പി.എസ്.നരസിംഹ എന്നിവരടങ്ങിയ പരിസ്ഥിതി ബെഞ്ചിനെ സമീപിച്ചത്.
റവന്യു രേഖയിൽ വനം എന്നു രേഖപ്പെടുത്തിയ ഏതുപ്രദേശവും വനേതര ഭൂമിയായി പ്രഖ്യാപിക്കാത്തിടത്തോളം (ഡീറിസർവ്) സംരക്ഷിതവനമായി തുടരുമെന്ന 1996 ലെ സുപ്രീംകോടതി വിധി മറികടക്കുന്നതാണ് ഭേദഗതിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സംരക്ഷിത വനമേഖല അടയാളപ്പെടുത്താൻ സംസ്ഥാന തലത്തിൽ വിദഗ്ധസമിതി രൂപീകരിക്കാൻ 1996 ലെ ഉത്തരവിലുണ്ട്. എന്നാൽ, സംസ്ഥാനതലത്തിൽ ഇത്തരം സമിതികൾ ഉണ്ടോയെന്നതു പോലും വ്യക്തതയില്ല. ഇത്തരം സമിതികളുടെ റിപ്പോർട്ട് പരസ്യപ്പെടുത്തുകയോ വിവരാവകാശ അപേക്ഷപ്രകാരം നൽകുകയോ ചെയ്യുന്നില്ല. ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതോടെ, സംസ്ഥാന സർക്കാരുകൾക്കു തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാമെന്നും ഹർജിക്കാർ വാദിച്ചു.
നിയമത്തിലെ വ്യവസ്ഥകളെ ഹർജിക്കാർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു കേന്ദ്രസർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ബൽബീർ സിങ് ചൂണ്ടിക്കാട്ടി. 1996 ലെ വിധിയിൽ വെള്ളം ചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്ത ബെഞ്ച് ഈ പരാമർശം ഉത്തരവിന്റെ ഭാഗമാക്കി. കേസ് 6 ആഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി. 4 ആഴ്ചയ്ക്കകം വിശദമായ പ്രതികരണം അറിയിക്കാനും സർക്കാരിനോടു കോടതി ആവശ്യപ്പെട്ടു.
English Summary:
Supremecourt on Forest Conservation (Amendment)
Source link