ന്യൂയോർക്ക്: ഖലിസ്ഥാന്‍ വിഘടനവാദിയും ഇന്ത്യ തെരയുന്ന ഭീകരനുമായ ഗുർപട്വന്ത് സിംഗ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ പിടിയിലായ ഇന്ത്യൻ വംശജനെതിരേ യുഎസ് ഫെഡറൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുജറാത്ത് സ്വദേശിയായ 52കാരനായ നിഖിൽ ഗുപ്തയ്ക്കെതിരേ ഗുരുതര വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിഖിലിന്റെ പേരിൽ ചുമത്തിയിരുന്നത്. യുഎസ് പൗരനെ വധിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പൗരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. വധിക്കാൻ ശ്രമിച്ചത് ഗുർപട്വന്ത് സിംഗ് പന്നുവിനെയാണെന്നാണു ഫിനാൻഷൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മേയ് മുതലാണ് ഇതിനുള്ള ഗൂഢാലോചന ആരംഭിച്ചത്. ഡൽഹിയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഇയാളെ കൃത്യം നടത്താൻ നിയോഗിച്ചതെന്നാണ് ആരോപണം. ഗുജറാത്തിൽ ഇയാൾക്കെതിരേ നിലവിലുള്ള കേസുകളിൽനിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഗൂഢാലോചനയിൽ പങ്കാളിയാക്കിയതെന്നാണ് ഏറ്റവും പുതിയ ആരോപണം. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിനെ സന്ദർശിക്കാൻ അനുമതി വാങ്ങിനൽകാമെന്നും വാഗ്ദാനം ചെയ്തു. മാത്രമല്ല, കൃത്യം ഏറ്റെടുത്തശേഷം നിഖിൽ ഗുപ്തയ്ക്കെതിരേയുള്ള ഗുജറാത്ത് പോലീസിന്റെ അന്വേഷണം നിലച്ചു. പന്നുവിനെ വധിക്കാൻ നിഖിൽ മറ്റൊരാളെ കണ്ടെത്തി ഒരു ലക്ഷം യുഎസ് ഡോളർ (83 ലക്ഷം രൂപ) നൽകാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ ഇയാൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള ആളായിരുന്നു. കൃത്യം നടത്താൻ ഇയാൾക്ക് 15,000 ഡോളർ നിഖിൽ അഡ്വാൻസ് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂണ്‍ 30ന് ചെക്ക് റിപ്പബ്ലിക്കിൽവച്ചാണ് നിഖിൽ ഗുപ്തയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്.
പന്നുവിനെ വധിക്കാൻ ശ്രമിച്ചത് സംബന്ധിച്ച ഗൂഢാലോചന തടഞ്ഞത് ഔദ്യോഗികമായി ഉന്നതതലത്തിൽ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വൈറ്റ് ഹൗസ് വക്താവ് അഡ്രിയാൻ വാട്സൻ നേരത്തേ അറിയിച്ചിരുന്നു. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ നവംബർ 18ന് ഇന്ത്യ ഒരു ഉന്നതതല അന്വേഷണ സമിതിക്കു രൂപംനൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും ബാഗ്ചി പറഞ്ഞു. അതേസമയം, ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും ആവശ്യപ്പെട്ടു. ഇന്ത്യ ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യക്കാരന്റെ പേരിൽ യുഎസിലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. “ഞങ്ങൾ തുടക്കംമുതൽ പറയുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണ് അമേരിക്കയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്”, കനേഡിയൻ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ 18നാണ് അജ്ഞാതർ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചത്.
Source link