ഗാസയിൽ വെടിനിർത്തൽ നീട്ടാൻ മധ്യസ്ഥ ചർച്ചയിൽ തീരുമാനം; കൂടുതൽ ബന്ദികളെ മോചിപ്പിച്ചേക്കും
റാഫ: ഗാസയിൽ വെടിനിർത്തൽ നീട്ടാൻ തീരുമാനമായി. ബന്ദികളെ മോചിപ്പിക്കുന്നത് തുടരുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ആറുദിവസംപിന്നിട്ട വെടിനിർത്തൽ നീട്ടാനായി ഖത്തറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനായി യു.എസ്. രഹസ്യാന്വേഷണ എജൻസിയായ സി.ഐ.എ.യുടെ തലവൻ വില്യം ബേൺസും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർണീയും ഖത്തറിലെത്തിയിരുന്നു. തുടർന്ന് വെടിനിർത്തൽ നീട്ടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മധ്യസ്ഥ ചർച്ച തുടരുകയാണെന്നും ബന്ദികളാക്കപ്പെട്ടവരുടെ മോചനം തുടരുന്നതുമായി ബന്ധപ്പെട്ടും മറ്റു കരാർ വ്യവസ്ഥകളുടേയും പശ്ചാത്തലത്തിൽ വെടിനിർത്തൽ തുടരുമെന്നും ഇസ്രയേൽ സൈനികനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, എന്താണ് കരാർ വ്യവസ്ഥകൾ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഏഴാം ദിവസവും വെടിനിർത്തൽ തുടരുമെന്ന് ഹമാസ് വൃത്തങ്ങളും അറിയിച്ചു. എന്നാൽ, മറ്റുവിവരങ്ങളൊന്നും അവരും പുറത്തുവിട്ടിട്ടില്ല.
Source link