കൊല്ലം∙ കേരളത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഓയൂരിൽനിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജി അമ്മയുടെ മടിയിലിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 21 മണിക്കൂറോളം നീണ്ട ആശങ്കകൾക്കും കാത്തിരിപ്പിനുമൊടുവിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അബിഗേൽ, എആർ ക്യാംപിൽ വച്ചാണ് അമ്മയെ നേരിൽക്കണ്ടത്.
അതിനു മുൻപ് അബിഗേൽ അമ്മയുമായി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. സ്ക്രീനിൽ മകളുടെ മുഖം കണ്ടപ്പോൾ പൊട്ടിക്കരച്ചിലോടെയാണ് സിജി പ്രതികരിച്ചത്. പിന്നെ മൊബൈൽ ഫോണ്‍ ചുണ്ടോടു ചേർത്ത് മകൾക്കു ഉമ്മകൾ നൽകി. അബിഗേലിനെ ഒരു ദിവസം കൂടി നിരീക്ഷണത്തിൽ വയ്ക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, സിജിയും മകൻ ജൊനാഥനും കൂടി എആർ ക്യാംപിലേക്ക് എത്തിയത്. പിതാവ് റെജി ആദ്യം തന്നെ ഇവിടെയെത്തിയിരുന്നു.
ഇതിനു പിന്നാലെ, അമ്മയുമൊന്നിച്ചു പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന അബിഗേലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. എആര്‍ ക്യാംപിലെത്തിയ അമ്മ സിജി അബിഗേലിനെ വാരിപ്പുണരുന്ന കാഴ്ച അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണു നനയിച്ചു. പിതാവ് റെജി, അമ്മ സിജി, സഹോദരൻ ജൊനാഥൻ എന്നിവർക്ക് ഒപ്പമാണ് എആർ ക്യാംപിൽനിന്ന് അബിഗേല്‍ ആശുപത്രിയിലേക്കു പോയത്.
അമ്മ കൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള ഉടുപ്പിട്ട് കളിചിരികളോടെ ആശുപത്രി മുറിയിലിരിക്കുന്ന അബിഗേലിന്‍റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
English Summary:
Abducted 6-Year-Old Abigail Reunited with Family at AR Camp, Heartfelt Moment Captures Internet’s Heart
Source link