കോഹ്ലി വിശ്രമമെടുക്കുന്നു
മുംബൈ: അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ഏകദിന, ട്വന്റി 20 ക്രിക്കറ്റ് പരന്പരകളിൽ വിരാട് കോഹ്ലി കളിച്ചേക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരന്പരകളിൽനിന്ന് വിശ്രമം വേണമെന്നും ടെസ്റ്റ് പരന്പരയിൽ കളിക്കാൻ തയാറാണെന്നും കോഹ്ലി ബിസിസിഐയെ അറിയിച്ചതായാണു റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ടെസ്റ്റ് പരന്പരയിൽ ടീമിനൊപ്പം ചേരുമെങ്കിലും ഏകദിന, ട്വന്റി 20 പരന്പരയിൽ രോഹിത്തും വിട്ടുനിന്നേക്കുമെന്നാണു റിപ്പോർട്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങിയതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. ഡിസംബർ 10 മുതലാണു ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്.
അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. ട്വന്റി 20, ഏകദിന പരന്പരയ്ക്കു ശേഷം ഡിസംബർ 26ന് ബോക്സിംഗ് ഡേയിൽ സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി കോഹ്ലിയും രോഹിത്തും ടീമിനൊപ്പം ചേരുമെന്നാണു വിവരം.
Source link