ഹെൽസിങ്കി: റഷ്യയുമായുള്ള മുഴുവൻ അതിർത്തിയും അടയ്ക്കാൻ ഫിൻലൻഡ് തീരുമാനിച്ചു. അഭയാർഥികളെ റഷ്യ ഫിൻലൻഡിലേക്ക് കടത്തിവിടുന്നതിനെത്തുടർന്നാണ് അതിർത്തി അടയ്ക്കുന്നത്. ഈയിടെ ഫിൻലൻഡ് നാറ്റോയിൽ അംഗത്വമെടുത്തിരുന്നു. റഷ്യയുമായുള്ള 1340 കിലോമീറ്റർ അതിർത്തിയിലെ ഏഴിൽ ആറു ചെക്പോയിന്റുകളും ഫിൻലൻഡ് ഈ മാസം അടച്ചിരുന്നു. മിഡിൽ ഈസ്റ്റിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ള അഭയാർഥി പ്രവാഹത്തെത്തുടർന്നായിരുന്നു ഇത്. റഷ്യയാണ് കുടിയേറ്റക്കാരെ ഫിൻലൻഡിലേക്ക് കടത്തിവിടുന്നത്. വീസയും കൃത്യമായ രേഖകളുമില്ലാതെ ആയിരത്തോളം അഭയാർഥികൾ ഓഗസ്റ്റിനുശേഷം ഫിൻലൻഡിലെത്തിയിട്ടുണ്ട്. ഇതിൽ 900 പേരും ഈ മാസമാണ് എത്തിയത്.
എറിത്രിയ, എത്യോപ്യ, ഇറാക്ക്, പാക്കിസ്ഥാൻ, സോമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നാണ് അഭയാർഥികൾ ഫിൻലൻഡിലെത്തിയത്. ചിലർ കുടുംബസമേതമാണ് എത്തിയത്. ഫിൻലൻഡിലേക്കു കുടിയേറാൻ 400 പേർ കാത്തിരിക്കുകയാണെന്ന് റഷ്യയിലെ വടക്കൻ മേഖലയായ മുർമാൻസ്കിലെ ഗവർണർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
Source link