ന്യൂഡൽഹി: ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിനെ തുടരാനുള്ള തീരുമാനം ബിസിസിഐ ഏകകണ്ഠമായി എടുക്കുകയായിരുന്നു. ദ്രാവിഡിനൊപ്പം സപ്പോർട്ട് സ്റ്റാഫിനും കാലാവധി തുടരാൻ കരാർ നീട്ടിനൽകിയതായി ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പോടെ കരാർ അവസാനിച്ചതിനുശേഷം ബിസിസിഐ ദ്രാവിഡുമായി ചർച്ച നടത്തിവരികയായിരുന്നു. ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്നതിൽ ദ്രാവിഡിന്റെ പങ്കിനെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നതായും ബിസിസിഐ പറഞ്ഞു. എൻസിഎ തലവനായും സ്റ്റാൻഡ്-ഇൻ ഹെഡ് കോച്ചായും മാതൃകാപരമായ പ്രവർത്തിക്കുന്ന വി.വി.എസ്. ലക്ഷ്മണിനെയും ബോർഡ് അഭിനന്ദിച്ചു. നേരത്തേ ദ്രാവിഡിനു പകരം ലക്ഷമണ് മുഖ്യ പരിലീകനാകുമെന്ന് സൂചനയുണ്ടായിരുന്നു. ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ഫീൽഡിംഗ് കോച്ച് ടി. ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാംബറെ എന്നിവർക്കാണ് സപ്പോർട്ട് സ്റ്റാഫായി തുടരാൻ ബിസിസിഐ കരാർ നീട്ടി നൽകിയത്.
ഡിസംബർ 10 മുതൽ ട്വന്റി20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തോടെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള ദ്രാവിഡിന്റെ രണ്ടാം കാലാവധി ആരംഭിക്കും. “എന്നിൽ വിശ്വാസമർപ്പിച്ച് പിന്തുണ നൽകിയ ബിസിസിഐയ്ക്ക് നന്ദി പറയുന്നു. ലോകകപ്പിന് ശേഷം പുതിയ വെല്ലുവിളികൾ സ്വീകരിക്കുന്പോൾ ഞങ്ങൾ കൂടുതൽ പ്രതിജ്ഞാബദ്ധരാണെന്ന്” ദ്രാവിഡ് പറഞ്ഞു. 2021ലെ ട്വന്റി20 ലോകകപ്പിനുശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞതോടെയാണ് ദ്രാവിഡ് ചുമതലയേറ്റത്. രണ്ട് വർഷത്തേക്ക് നിയമിതനായ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചത് ഈ മാസം നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റോടെയാണ്.
Source link