ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ നീട്ടിയേക്കും. ഇന്നലെ ഖത്തർ, ഈജിപ്റ്റ്, യുഎസ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നീട്ടാൻ ചർച്ചകൾ ഊർജിതമാക്കി. നാലു ദിവസംകൂടി വെടിനിർത്തലിനു ഹമാസ് താത്പര്യം അറിയിച്ചിട്ടുണ്ട്. രണ്ടു തവണയായി ആറു ദിവസമാണു വെടിനിർത്തലും ബന്ദിമോചനവുമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12 ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരം 30 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ഹമാസ് വിട്ടയച്ചവരിൽ പത്തു പേർ ഇസ്രേലികളും രണ്ടു പേർ തായ്ലൻഡുകാരുമാണ്. ഇതിനിടെ, വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ മുഹമ്മദ് സബേദി, ഹുസം ഹനൗൻ എന്നീ ഭീകരർ കൊല്ലപ്പെട്ടു. ജെനിൻ അഭയാർഥി ക്യാന്പിൽ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണു ഭീകരർ കൊല്ലപ്പെട്ടത്. ഇസ്രേലി സൈന്യം എത്തിയതോടെ ഭീകരർ വെടിവച്ചു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. 17 പേരെ ഇസ്രേലി സൈന്യം അറസ്റ്റ് ചെയ്തു.
ഹമാസുമായുള്ള യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിൽ 2000 പേരെ ഇസ്രേലി സേന അറസ്റ്റ് ചെയ്തു. ഇതിൽ 1100 പേർ ഹമാസുമായി ബന്ധമുള്ളവരാണ്. ജെനിനിൽ ഇസ്രേലി സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടുവെന്നു പലസ്തീനിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബന്ദിയാക്കപ്പെട്ട ഇസ്രേലി യുവതി ഷിരി ബിബാസും പത്തു മാസവും നാലു വയസും പ്രായമുള്ള രണ്ട് ആൺമക്കളും ഗാസയിൽ ഇസ്രേലി സേനയുടെ ബോംബാക്രമണത്തിനിടെ കൊല്ലപ്പെട്ടുവെന്ന ഹമാസിന്റെ വാദത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രേലി സേന അറിയിച്ചു. ഒക്ടോബർ ഏഴിന് നിർ ഓസ് കിബുട്സിൽനിന്നാണ് കിൻഡർഗാർട്ടൻ അധ്യാപികയായ ഷിരിയെയും മക്കളെയും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്.
Source link