CHILD MISSING വേളമാനൂരിലൂടെ കാർ കടന്നുപോകുന്നതിന്റെ ദൃശ്യം പുറത്ത്; പുതിയ രേഖാചിത്രവും പുറത്തുവിട്ടു Kollam Girl Abduction

കൊല്ലം∙ ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലം വേളമാനൂരിലൂടെ കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.  വേളമാനൂരിലെ വീടിന്റെ സിസിടിവി ക്യാമറയിലാണ് കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 10 കിലോമീറ്റിൽ അകലെയാണ് ഈ വീട്. 
വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു. ‌കാർ കല്ലുവാതുക്കലിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ടതിനെക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടത്.  

ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. കണ്ടെത്തനായി തിരച്ചിൽ തുടരുകയാണ്. സ്കൂളിൽനിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം. കാറിൽ എത്തിയവർ ഒരു നോട്ടിസ് നൽകി, അത് അമ്മയെ ഏൽപിക്കണം എന്നു പറഞ്ഞു ജോനാഥന്റെ ശ്രദ്ധയകറ്റിയ ശേഷം അബിഗേലിനെ കയ്യിൽ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു. ജോനാഥൻ കയ്യിലിരുന്ന വടിയെടുത്ത് തടയാൻ ശ്രമിച്ചു.

പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം (പൊലീസ് പുറത്തുവിട്ടത്)

കാർ നീങ്ങിയപ്പോൾ ജോനാഥൻ ഡോറിൽ തൂങ്ങിക്കിടന്നു. കാറിലുള്ളവർ ജോനാഥാന്റെ കൈ തട്ടിയകറ്റി. റോഡിലേക്കു വീണ ജോനാഥന്റെ മുട്ടിനു പരുക്കേറ്റു. അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാർ വിട്ടു പോയിരുന്നു. ജോനാഥന്റെ കരച്ചിൽ കേട്ടു പുറത്തിറങ്ങിയ അയൽവാസികൾ അന്വേഷിച്ചപ്പോഴാണു കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നു നാട്ടുകാർക്കു മനസ്സിലായത്.

അഭിഗേൽ

കുട്ടിയെ വിട്ടുതരാൻ പണം ആവശ്യപ്പെട്ടു വീട്ടിലേക്കെത്തിയ ഫോൺ വിളികൾ മാത്രമാണ് ഏക തുമ്പ്. ആദ്യം 5 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് അബിഗേലിന്റെ അമ്മ സിജിയുടെ ഫോണിൽ 2 തവണ കോൾ വന്നത്. ഒരു സ്ത്രീയും പുരുഷനുമാണു വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്ന് വിളിച്ചവർ പറഞ്ഞു. കാറിന്റെ നമ്പർ വ്യാജമാണെന്നും അത് ഇരുചക്രവാഹനത്തിന്റേത് ആണെന്നുമാണ് വിവരം. വെളുത്ത കാറിലെത്തിയ സംഘത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നെന്നാണ് അബിഗേലിനൊപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്.

English Summary:
Kollam Abigel Missing: CCTV Footage of the car at Velamanoor


Source link
Exit mobile version