ചെന്നൈ ∙ കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകനെ ഡിഎംകെ എംപി തമിഴച്ചി തങ്കപാണ്ഡ്യൻ പുകഴ്ത്തിയതിനെച്ചൊല്ലി ഇന്ത്യ മുന്നണിയിൽ അസ്വാരസ്യം. താൻ നേരിൽക്കാണാനും ഒപ്പമിരുന്നു ഭക്ഷണം കഴിക്കാനും ആഗ്രഹിക്കുന്ന നേതാവാണു പ്രഭാകരനെന്നു അദ്ദേഹത്തെ നേരിൽക്കണ്ടാൽ ‘മുല്ലൈവയ്ക്കൽ’ കൂട്ടക്കൊല സംഭവത്തിൽ മാപ്പു പറയാൻ ആഗ്രഹമുണ്ടെന്നും തമിഴച്ചി സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ കോൺഗ്രസ് തമിഴ്നാട് നേതൃത്വം ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രഭാകരനെ വാഴ്ത്തുന്നത് ഇന്ത്യ മുന്നണിയിലെ ആർക്കും യോജിച്ചതല്ല. രാജീവ് ഗാന്ധിയുടെ ദാരുണമായ കൊലപാതകം മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ല. പ്രഭാകരൻ – വീരപ്പൻ തമിഴ് ദേശീയവാദം, ഹിന്ദുത്വ ദേശീയത പോലെയാണെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇതിനിടെ, ശ്രീലങ്കയിലെ ജാഫ്‌നയിൽ നിന്നുള്ള 4 വയസ്സുകാരി ഉൾപ്പെടെയുള്ള ഒരു കുടുംബം ധനുഷ്‌കോടി അരിച്ചാൽമുനയിലെത്തി. സാമ്പത്തിക പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മൂലം ഉപജീവന മാർഗമില്ലാതെ അഭയാർഥികളായി തമിഴ്നാട്ടിൽ അഭയം പ്രാപിച്ചതാണെന്ന് ഇവർ പൊലീസിനോടു പറഞ്ഞു.
Source link