ജയ്പുർ ∙ രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണത്തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി അവരുടെ പ്രചാരണങ്ങളിലൂടെ വർഗീയ ധ്രുവീകരത്തിനാണ് ശ്രമിച്ചതെന്നും ജനം അത് നിരാകരിച്ചെന്നും ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് അനുകൂല അടിയൊഴുക്കാണ് സംസ്ഥാനത്തുള്ളതെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം ജയ്പുരിൽ മാധ്യപ്രവർത്തകരോട് പ്രതികരിച്ചു.
‘‘ജനത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഭാഷയാണ് പ്രചാരണത്തിനായി ബിജെപി ഉപയോഗിച്ചത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനാണ് അവർ ശ്രമിച്ചത്. എന്നാൽ ജനം അതെല്ലാം നിരാകരിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടാൻ പോവുകയാണ്’’ –ഗെലോട്ട് പറഞ്ഞു.
നവംബർ 25നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. 200ൽ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ മരണത്തേത്തുടർന്ന് ശ്രീഗംഗാനഗറിലെ കരൻപുരിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. 75.45 ആണ് ഇത്തവണത്തെ പോളിങ് ശതമാനം. 2018ൽ ഇത് 74.71 ആയിരുന്നു. 88.13 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയ കുശാൽഘട്ടിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.
English Summary:
Congress will get clear majority in Rajasthan: CM Ashok Gehlot
Source link