ഗോഹാട്ടി: ഗ്ലെൻ മാക്സ്വെല്ലിന്റെ തകർപ്പൻ സെഞ്ചുറിയിൽ ഓസ്ട്രേലിയയ്ക്ക് അഞ്ചു വിക്കറ്റ് ജയം. മൂന്നാം ട്വന്റി 20യിൽ ഓസീസിന്റെ ജയത്തോടെ പരന്പര 2-1 എന്ന നിലയിലായി. പരന്പരയിൽ രണ്ടു മത്സരങ്ങൾ കൂടിയുണ്ട്. 48 പന്തിൽ എട്ടു ഫോറിന്റെയും അത്രതന്നെ സിക്സിന്റെയും അകന്പടിയിൽ മാക്സ്വെൽ 104 റണ്‍സുമായി പുറത്താകാതെനിന്നു. അവസാന പന്ത് ബൗണ്ടറി നേടിയാണ് മാക്സ്വെൽ വിജയറണ്‍ കുറിച്ചത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ 21 റണ്‍സാണ് വേണ്ടിയിരുന്നത്. നാലു ഫോറും ഒരു സിക്സും അടിച്ചെടുത്ത ഓസീസ് ജയം സ്വന്തമാക്കി. ക്യാപ്റ്റൻ മാത്യു വേഡ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. വൻ വിജയ ലക്ഷ്യത്തിലേക്ക് ഓസീസ് തകർപ്പൻ തുടക്കമാണിട്ടത്. ഹെഡ്-ഹാർഡി ഓപ്പണിംഗ് കൂട്ടുകെട്ട് 47 റണ്‍സിലെത്തിയപ്പോഴാണ് പിരിഞ്ഞത്. ഹാർഡിയെ (16) പുറത്താക്കി അർഷ്ദീപ് സിംഗ് കൂട്ടുകെട്ട് പൊളിച്ചു. ഹെഡ് (35) മികച്ച പ്രകടനം നടത്തി. ഇടയ്ക്കൊന്നു പതറിയ ഓസീസിനെ ആറാം വിക്കറ്റിൽ മാക്സ്വെല്ലും വേഡും 91 റണ്‍സിന്റെ കൂട്ടുകെട്ട് ജയത്തിലെത്തിച്ചു. ഋതുരാജ് സെഞ്ചുറി ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ ഋതുരാജ് ഗെയ്ക്്വാദിന്റെ കന്നി സെഞ്ചുറി മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 222 റണ്‍സെടുത്തു. 57 പന്തുകൾ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്സും പറത്തി 123 റണ്‍സോടെ പുറത്താകാതെ നിന്നു. ട്വന്റി 20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളിൽ വെറും 22 റണ്‍സ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 101 റണ്‍സാണ്.
ആക്രമിച്ച് ഋതുരാജ് തുടക്കം പാളിയ ഇന്ത്യക്ക് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെയാണ് ഇന്നിംഗ്സിന് ജീവൻ വച്ചത്. ഋതുരാജ് നിലയുറപ്പിക്കാൻ പ്രയാസപ്പെട്ടപ്പോൾ സൂര്യയുടെ കടന്നാക്രമണമാണ് ഇന്ത്യൻ സ്കോർ മുന്നോട്ടുചലിപ്പിച്ചത്. എന്നാൽ 11-ാം ഓവറിൽ ആരോണ്‍ ഹാർഡിയുടെ പന്തിൽ സൂര്യക്ക് പിഴച്ചു. വിക്കറ്റ്കീപ്പർ മാത്യു വേഡിന് ക്യാച്ച്. 29 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സായിരുന്നു താരത്തിന്റെ സന്പാദ്യം. 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകൽ. എന്നാൽ ക്യാപ്റ്റൻ പോയതോടെ ഋതുരാജ് താളം കണ്ടെത്തി. തിലക് വർമയെ കൂട്ടുപിടിച്ച് നടത്തിയ കടന്നാക്രമണത്തിൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 141 റണ്‍സാണ് പിറന്നത്. 24 പന്തുകൾ നേരിട്ട തിലക് 31 റണ്‍സോടെ പുറത്താകാതെ നിന്നു. സെഞ്ചുറിയിൽ ഒന്പതാമൻ ട്വന്റി 20യില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഒമ്പതാമനാണ് ഋതുരാജ് ഗെയ്ക്വാദ്. രോഹിത് ശര്‍മ (നാല്), സൂര്യകുമാര്‍ യാദവ് (മൂന്ന്), കെ.എല്‍. രാഹുല്‍ (രണ്ട്), സുരേഷ് റെയ്ന, വിരാട് കോഹ്ലി, ദീപക് ഹൂഡ, ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍ (ഒന്നു വീതം) എന്നിവരാണ് മുമ്പ് സെഞ്ചുറി നേടിയവര്‍.
Source link