ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആക്കാനാവില്ല; പിഴ ചുമത്താം: ഹൈക്കോടതി
കൊച്ചി ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി വ്യക്തമാക്കി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ് പുറത്തുവന്നത്. റോബിൻ ബസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ രീതിയിൽ ചർച്ച നടക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ ചട്ടമുണ്ട് എന്ന വാദമാണ് നേരത്തെ ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബസ് പിടിച്ചെടുക്കരുതെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയത്. സമാന സാഹചര്യത്തിൽ കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകളും കോടതിയെ സമീപിച്ചു. ഇതിനെ ചോദ്യം ചെയ്തു കെഎസ്ആർടിസി നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്.
പുഞ്ചിരി ബസ് ഉടമകള്‍ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. 50 ശതമാനം പിഴ ഉടൻതന്നെ അടയ്ക്കണമെന്നും ബാക്കി തുക കേസ് തീർപ്പാക്കുന്ന മുറയ്ക്ക് അടച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. സമാനമായ രീതിയിൽ മറ്റു ബസുകള്‍ക്കും ഈ ഉത്തരവ് ബാധകമാവും. കോടതി ഉത്തരവ് വന്നതോടെ ഉദ്യോഗസ്ഥർക്ക് പെർമിറ്റ് ലംഘനത്തിനിതിരെ കൂടുതൽ ഫലപ്രദമായി ഇടപെടാൻ സാധിച്ചേക്കും.
കോടതിയുടെ ഇടക്കാല ഉത്തരവ് തങ്ങളുടെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെട്ടു. നിലവിലുള്ള നിയമമാണ് നടപ്പിലാക്കിവരുന്നതെന്ന് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വകുപ്പ് ചൂണ്ടിക്കാട്ടി.
English Summary:
All India Tourist permit vehicles cannot be converted into stage carriage, also can impose penalty: Kerala High Court
Source link