പാക്ക് ബന്ധമുള്ള തീവ്രവാദ സംഘടന: കോഴിക്കോട്ട് എൻഐഎ റെയ്ഡ്; ‘സുപ്രധാന രേഖകൾ കണ്ടെടുത്തു’
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. പട്നയിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന. ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കോഴിക്കോടിനു പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എൻഐഎ സംഘം ഞായറാഴ്ച റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയ്ക്ക് പുറമെ ചില സുപ്രധാന രേഖകളും കണ്ടെടുത്തിട്ടുണ്ട്. പട്നയിലെ ഫുൽവാരിഷരിഫ് പൊലീസ് സ്റ്റേഷനിൽ 2022 ജൂലായ് 14ന് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പാക്ക് പൗരൻ നിർമിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മർഖൂബ് അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഗ്രൂപ്പ് അഡ്മിനായിരുന്ന മർഖൂബ് ഇന്ത്യയ്ക്കു പുറമെ ബംഗ്ലദേശ്, പാക്കിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽനിന്നുള്ള പലരേയും ഗ്രൂപ്പിലേക്ക് ചേർത്തു. ടെലഗ്രാം ഉൾപ്പെടെ മറ്റ് സമൂഹ മാധ്യമങ്ങളിലും ഇയാൾ സജീവമായിരുന്നു. യുവാക്കളെ സ്വാധീനിച്ച് ഗസ്‌വ ഇ ഹിന്ദ് ഇന്ത്യയിൽ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. രാജ്യവ്യാപകമായി തീവ്രവാദികളുടെ സ്‌ലീപ്പർ സെൽ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും എൻഐഎ പറയുന്നു. മർഖൂബിനെതിരെ രാജ്യവിരുദ്ധ വകുപ്പുകൾ ചുമത്തി ജനുവരി 6ന് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
Probe agency NIA conducts raids in Pak-operated Ghazwa-e-Hind terror module case
Source link