ഗാസയിൽ രണ്ടുദിവസംകൂടി വെടിനിർത്തൽ
ജറൂസലെം: അന്താരാഷ്ട്ര മധ്യസ്ഥരുടെ ശ്രമത്തിനിടെ ഗാസയിൽ രണ്ടു ദിവസംകൂടി വെടിനിർത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. ഖത്തർ ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലു ദിവസത്തെ വെടിനിർത്തൽ ഇന്നലെയാണ് അവസാനിക്കേണ്ടിയിരുന്നത്. മൂന്നു ദിവസംകൊണ്ട് 40 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. 117 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് ഹമാസ് അറിയിച്ചു. ഒരു ബന്ദിയെ മോചിപ്പിക്കുന്നതിനു പകരം മൂന്നു പലസ്തീനികളെ വിട്ടയയ്ക്കുകയെന്നതാണു നിലവിലുള്ള കരാർ. ഖത്തർ, ഈജിപ്റ്റ്, അമേരിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണു വെടിനിർത്തൽ നീട്ടാൻ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നത്. താത്കാലിക വെടിനിർത്തൽ തുടരണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടെൻബെർഗ്, യൂറോപ്യൻ യൂണിയൻ പോളിസി തലവൻ ജോസഫ് ബോറൽ തുടങ്ങിയവർ ഇന്നലെ ആവശ്യപ്പെട്ടു.
ഇസ്രേലി ബന്ദികളെക്കൂടാതെ 17 തായ്ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പീൻകാരനെയും ഹമാസ് വിട്ടയച്ചിരുന്നു. രണ്ടാം ദിവസം മാത്രമാണു ബന്ദിമോചനം വൈകിയത്. ഇസ്രയേൽ കരാർ ലംഘനം നടത്തുകയാണെന്ന ഹമാസിന്റെ ആരോപണമാണ് ബന്ദിമോചനം വൈകിപ്പിച്ചത്. ഈജിപ്റ്റിൽനിന്ന് ഭക്ഷണം, അവശ്യവസ്തുക്കൾ, ഇന്ധനം എന്നിവയുമായി ട്രക്കുകൾ ഇന്നലെ ഗാസയിലെത്തി.
Source link