ഗുജറാത്തിൽ ദലിത് വീട്ടമ്മയെ അടിച്ചുകൊന്നു
അഹമ്മദാബാദ് ∙ മകൻ നൽകിയ പരാതിയുടെ പേരിൽ ഗുജറാത്തിൽ ദലിത് വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി. ഭാവ്നഗർ സ്വദേശി ഗീതാബെൻ മാരു (45) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് വീടിനു സമീപം വച്ച് ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് അക്രമികൾ ഗീതാബെന്നിനെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഗീതാബെൻ തിങ്കളാഴ്ച ആശുപത്രിയിൽ മരിച്ചു. ശൈലേഷ് കോലി, രോഹിത് കോലി എന്നിവരും മറ്റു 2 പേരും ചേർന്നാണ് അക്രമം നടത്തിയതെന്ന് ഡിവൈഎസ്പി ആർ.ആർ. സിംഘൾ പറഞ്ഞു.
ഇവരെ പിടികൂടാൻ 3 പ്രത്യേക പൊലീസ് സംഘങ്ങൾക്കു രൂപം നൽകിയിട്ടുണ്ട്. മകൻ ഗൗതം നൽകിയ പരാതിയിൽ ഒത്തുതീർപ്പുണ്ടാക്കണമെന്ന ആവശ്യവുമായാണ് അക്രമികൾ എത്തിയത്. എന്നാൽ, ഗീതാബെൻ ആവശ്യം നിരാകരിച്ചു. തുടർന്ന് അവർ ആക്രമിക്കുകയായിരുന്നു. അക്രമം തടയാൻ എത്തിയ ഭർത്താവിനെയും മകളെയും ഉപദ്രവിച്ചു. അക്രമികളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂ എന്ന് ദലിത് സംഘടനകളും ബന്ധുക്കളും വ്യക്തമാക്കി. ഇതേത്തുടർന്ന് ആശുപത്രിയിൽ സംഘർഷമുണ്ടായി.
English Summary:
Dalit housewife beaten to death in Gujarat
Source link