LATEST NEWS

നൂറനാട് മല്ലപ്പള്ളിയിൽ വീണ്ടും മലയിടിച്ച് മണ്ണെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാർ


ആലപ്പുഴ∙ നൂറനാട് മല്ലപ്പള്ളിയിൽ വീണ്ടും മലയിടിച്ച് മണ്ണെടുപ്പ് തുടങ്ങി. ലോറികളിൽ മണ്ണെടുത്തു നീക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ട്. മണ്ണെടുപ്പ് നിർത്തിവയ്ക്കാനായിരുന്നു സർവകക്ഷി യോഗത്തിൽ തീരുമാനം. അതേസമയം സ്റ്റോപ്പ് മെമോ ലഭിച്ചിട്ടില്ലെന്നാണ് കരാര്‍ കമ്പനി ജീവനക്കാർ  പറയുന്നത്. 
ജിയോളജി വകുപ്പിനു വീഴ്ച പറ്റിയെന്നു കാണിച്ച് മണ്ണെടുപ്പ് താത്കാലികമായി നിർത്തിവച്ചിരുന്നു. അടുത്തമാസം ഒൻപതിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് മണ്ണെടുപ്പ് പുനരാരംഭിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ തന്നെ മണ്ണെടുപ്പ് യന്ത്രങ്ങളും ലോറികളുമായി മണ്ണെടുപ്പിനു കരാർ കമ്പനി ജീവനക്കാർ എത്തി. സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചാണ് മണ്ണെടുക്കാനുള്ള നീക്കമെന്നും ഇതിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ വ്യക്തമാക്കി. 

അതേസമയം 2019ൽ വാങ്ങിയ സ്ഥലം വീടു വയ്ക്കാൻ നിരപ്പാക്കാനായാണു കരാർ കമ്പനിയുമായി ധാരണയായതെന്നു മറ്റപ്പള്ളിയിൽ മണ്ണെടുത്ത സ്ഥലത്തിന്റെ ഉടമ പാലമേൽ മുതുക്കാട്ടുകരമുറി ജോവില്ലയിൽ ജോസും സാലി ജോസും പറഞ്ഞു. ഒരു ലോഡ് മണ്ണിന് 1000 രൂപ വീതം നൽകാമെന്നാണു കായംകുളത്തെ ഒരു അഭിഭാഷകന്റെ ഓഫിസിൽ വച്ചുണ്ടാക്കിയ കരാർ. കരം അടച്ച രസീതും ആധാരവും നൽകിയാൽ ബാക്കി അനുമതി വാങ്ങിക്കോളാമെന്നാണു കരാർ കമ്പനി അറിയിച്ചത്. ഇതുപ്രകാരം രേഖകൾ നൽകി. എന്നാൽ മണ്ണെടുത്തത് പ്രശ്നമായപ്പോഴാണു ഗൗരവം മനസ്സിലായതെന്നും സ്ഥലം ഉടമകള്‍ വ്യക്തമാക്കി. 


Source link

Related Articles

Back to top button