ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ
മുംബൈ: ഐപിഎൽ 2024 സീസണിന് മുന്‍പ് അവിശ്വസനീയമായ ഒരു നീക്കത്തിലൂടെയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യം മുംബൈ ഇതിനോടകംതന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിസംബർ 19-ന് നടക്കുന്ന താരലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 26 വരെയായിരുന്നു. ഇതിനിടെയാണു ഹാർദിക് ഗുജറാത്ത് ടൈറ്റൻസ് വിട്ട് മുൻ ടീമായ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായത്. ഇതിനു പിന്നാലെതന്നെ ഗുജറാത്ത് ഹാർദിക്കിനെ നിലനിർത്തിയതായും പ്രഖ്യാപനം വന്നു. ഒടുവിൽ സമയപരിധി അവസാനിച്ചതിനു പിന്നാലെ ഓൾ ക്യാഷ് ഡീലിലൂടെയാണ് അവസാനനിമിഷം മുംബൈ ഹാർദിക്കിനെ റാഞ്ചിയത്. ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനിനെ ഇതേ ഡീലിലൂടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നൽകിയാണ് മുംബൈ ഹാർദിക്കിനെ സ്വന്തമാക്കിയത്.
ലേലദിവസമായ ഡിസംബർ 19-ന് ഒരാഴ്ച മുന്‍പുവരെ, ഡിസംബർ 12 വരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ ട്രേഡിംഗിലൂടെ സ്വന്തമാക്കാം. ഈ കാലയളവിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ തമ്മിലുള്ള എല്ലാ ട്രേഡുകളും സാധുവായിരിക്കും. ഇതോടെയാണുഗുജറാത്ത് ടീം നിലനിർത്തിയിട്ടും ഹാർദിക്കിനെ മുംബൈക്ക് സ്വന്തമാക്കാനായത്. 2015-ൽ മുംബൈയിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച ഹാർദിക് ഏഴ് സീസണുകളിൽ അവർക്കായി കളിച്ചു. പിന്നീട് 2022 സീസണിന് മുന്‍പുള്ള ലേലത്തിലാണ് മുംബൈ താരത്തെ റിലീസ് ചെയ്തത്.
Source link