‘നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാനം കർഷകന്റെ അക്കൗണ്ടിലേക്കു നൽകണം’
തിരുവനന്തപുരം∙ നെല്ല് സംഭരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാന സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്കു നൽകണമെന്നും കേന്ദ്ര സർക്കാർ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാറിന്റെ വായ്പാ വ്യാപന മേളയുടെ ഉദ്ഘാടനം ആറ്റിങ്ങലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി നിർമല സീതാ രാമൻ
കേന്ദ്ര ധനകാര്യകമ്മിഷന്റെ നിർദേശം അനുസരിച്ച സംസ്ഥാനങ്ങൾക്കു കേന്ദ്രം കൃത്യമായി പണം നൽകുന്നുണ്ട്. കേരളത്തിനുള്ള പണവും കൃത്യമായി കൊടുത്തിട്ടുണ്ട്. പണം കിട്ടാൻ കാലതാമസം നേരിട്ടെങ്കിൽ അത് സംസ്ഥാനം ഫയലുകളിൽ വരുത്തിയ കാലതാമസം കാരണമാണ്. പണം നൽകിയില്ലെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
15–ാം കമ്മിഷന്റെ നിർദേശങ്ങൾ പാലിക്കാതെ പണം നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. നിർദേശങ്ങൾ പാലിക്കാതെ എങ്ങനെ പണം നൽകാനാകുമെന്ന് നിര്‍മലാ സീതാരാമൻ ചോദിച്ചു. കേന്ദ്രം സാധ്യമായ രീതിയിൽ എല്ലാം സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്ന ശേഷമാണ് സംസ്ഥാനത്തിന്റെ ഗ്രാന്റ് വർധിച്ചത്. 2009–10ൽ 602 കോടിരൂപയായിരുന്നു ഗ്രാന്റ്. 21–22ൽ ഇത് 22,171 കോടിരൂപയായി വർധിച്ചു. 22–23ൽ 15,388 കോടിരൂപയാണ് ഗ്രാന്റായി നല്‍കിയത്. സംസ്ഥാന അക്കൗണ്ടന്റ് ജനറലിനുപോലും കൃത്യമായി കണക്ക് കൊടുക്കാതെയാണ് സംസ്ഥാനം പണം വേണമെന്ന് ആവശ്യപ്പെടുന്നതും, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമെന്നും മന്ത്രി പറഞ്ഞു.
English Summary:
Union Finance Minister Demands Kerala State Pay Directly to Farmers for Paddy Procurement
Source link