സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, നവംബർ 26 മുതൽ 29 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ – തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ന്യൂനമർദ്ദ പാത്തി തെക്ക് ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മിതമായ / ഇടത്തരം മഴ പെയ്യാൻ സാധ്യത തെളിഞ്ഞത്. 
അതേസമയം, വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

നവംബർ 27ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോടു ചേർന്നുള്ള ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 28നും 29നും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോടു ചേർന്നുള്ള ആൻഡമാൻ കടലിൽ എന്നിവയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളില്‍ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യത

നവംബർ 26ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന‌മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

English Summary:
Heavy rain predicted in Kerala


Source link
Exit mobile version