അനിശ്ചിതത്വത്തിലും ബന്ദിമോചനം തുടരുന്നു

ജറൂസലെം: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണ ദുർബലമാകുന്നതിനിടെയും ബന്ദിമോചനം തുടരുന്നു. 14 ഇസ്രേലികളെയും മൂന്നു തായ്ലൻഡ് പൗരന്മാരെയും ഞായറാഴ്ച ഹമാസ് മോചിപ്പിച്ചു. ഇവരെ റെഡ്ക്രോസിനാണു കൈമാറിയത്. മോചിപ്പിക്കപ്പെട്ട ഒരാൾ ഇസ്രയേൽ-റഷ്യൻ ഇരട്ട പൗരത്വമുള്ളയാളാണ്. ഇന്നലെ 39 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു. ഇതോടെ 40 ഇസ്രേലി ബന്ദികളുടെയും 117 പലസ്തീൻ തടവുകാരുടെയും മോചനം സാധ്യമായി. ഇതു കൂടാതെ 17 തായ്ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പീൻ ബന്ദിയെയും ഹമാസ് മോചിപ്പിച്ചു. ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്ന ഹമാസ് ആരോപിച്ചതിനെത്തുടർന്ന് രണ്ടാമത്തെ ബന്ദിമോചനവും പലസ്തീൻ തടവുകാരുടെ മോചനവും മണിക്കൂറുകൾ വൈകിയിരുന്നു. പിന്നീട് 13 ഇസ്രേലികളെയും നാലു തായ്ലൻഡ് പൗരന്മാരെയും ഹമാസ് മോചിപ്പിച്ചു. ഇസ്രയേൽ 39 പലസ്തീനികളെ വിട്ടയച്ചു. ശനിയാഴ്ച ഹമാസ് വിട്ടയച്ചത് ഏഴു കുട്ടികളെയും ആറു സ്ത്രീകളെയുമാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ആക്രമണം നടത്തിയ കിബുട്സ് ബേ മേഖലയിൽനിന്നുള്ളവരാണിവർ. മൂന്നു വയസു മുതൽ 67 വയസ് വരെയുള്ളവരാണു മോചിപ്പിക്കപ്പെട്ടത്.
ഗാസയുടെ വടക്കൻ മേഖലയുടെ ചുമതലയുള്ള ഉന്നത ഹമാസ് കമാൻഡർ അഹമ്മദ് അൽ-ഗാന്ദൗർ(56) ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. ഹമാസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസിന്റെ റോക്കറ്റ് ആക്രമണ യൂണിറ്റ് ചുമതലയുള്ള അയമാൻ സിയാം ഉൾപ്പെടെ മൂന്നു മുതിർന്ന നേതാക്കളും ഗാന്ദൗറിനൊപ്പം കൊല്ലപ്പെട്ടു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ ഗാസ മുനന്പിൽ സന്ദർശനം നടത്തി. സൈനികരുമായി സംസാരിച്ച നെതന്യാഹു ഹമാസിന്റെ ഒരു തുരങ്കം സന്ദർശിച്ചു. “ഈ യുദ്ധത്തിൽ മൂന്നു ലക്ഷ്യങ്ങളാണുള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെ മോചിപ്പിക്കുക. ഇസ്രയേലിനു വീണ്ടും ഹമാസ് ഭീഷണിയാകരുത്”- നെതന്യാഹു പറഞ്ഞു.
Source link