LATEST NEWS

ഇന്‍സ്റ്റഗ്രാം റീല്‍സിനെ ചൊല്ലി തര്‍ക്കം; രഹസ്യ ബന്ധമെന്ന് സംശയം: ഭാര്യയെ കഴുത്തറുത്തു കൊന്ന് യുവാവ്

കൊല്‍ക്കത്ത∙ ഇന്‍സ്റ്റഗ്രാം റീല്‍സ് പോസ്റ്റ് ചെയ്തതിനെ ചൊല്ലിയും സമൂഹമാധ്യമങ്ങള്‍ വഴിയുണ്ടായ സുഹൃദ്ബന്ധത്തെ ചൊല്ലിയും ഉണ്ടായ വഴക്കിനിടെ മുപ്പത്തിയഞ്ചുകാരിയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. പരിമള്‍ വൈദ്യ എന്ന മുപ്പത്തിയെട്ടുകാരനാണ് ആണ് ഭാര്യയായ അപര്‍ണയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് കരുതുന്നത്. ജൊയാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹരിനാരായണ്‍പുരില്‍ വെള്ളിയാഴ്ചയാണു സംഭവം. കൊലയ്ക്കു ശേഷം രക്ഷപ്പെട്ട പരിമള്‍ ഒളിവിലാണ്.
17 വര്‍ഷമായി കുടുംബജീവിതം നയിക്കുന്ന പരിമളിനും അപര്‍ണയ്ക്കും ഒരു മകനും മകളുമുണ്ട്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകനും നഴ്‌സറിയില്‍ പഠിക്കുന്ന മകളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഭാര്യയെ കൊലപ്പെടുത്തി പരിമള്‍ രക്ഷപ്പെട്ടത്. 

അപര്‍ണ റീല്‍സ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍  പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതു മുതല്‍ ദമ്പതിമാര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതുവഴി അപര്‍ണയ്ക്ക് നിരവധി സുഹൃത്തുക്കള്‍ ഉണ്ടായി. ഇവരുമായി അപര്‍ണ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായുള്ള അപര്‍ണയുടെ സുഹൃദ്ബന്ധം പരിമളിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇതേച്ചൊല്ലി വഴക്കടിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലും അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായതായി മകന്‍ പൊലീസിനോടു പറഞ്ഞു. ഭര്‍ത്താവ് സ്ഥിരമായി വഴക്കടിക്കുന്നതു മൂലം അപര്‍ണ കുറച്ചുനാള്‍ വീട്ടില്‍നിന്നു മാറി മാതാപിതാക്കള്‍ക്കൊപ്പമാണു താമസിച്ചിരുന്നത്. 

കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്നും പരിമളിനെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

English Summary:
Man kills wife for posting Instagram reels, making friends at West Bengal


Source link

Related Articles

Back to top button