കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ.ഡി.ക്ക് അനുമതി നൽകി ഹൈക്കോടതി

കൊച്ചി∙ കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ.ഡി.ക്ക് അനുമതി നൽകി ഹൈക്കോടതി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണു സമൻസ് അയയ്ക്കാൻ കോടതി അനുമതി നൽകിയത്.
കേസിൽ മുന്നോട്ട് പോകണമെങ്കിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നായിരുന്നു കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞത്. ഇതോടെ വിദേശനാണ്യ വിനിമയച്ചട്ടത്തില്‍ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ സമന്‍സ് അയയ്ക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവര്‍ക്കു നോട്ടിസ് അയയ്ക്കുന്നത് രണ്ടു മാസത്തേക്കു ജസ്റ്റിസ് വി.ജി. അരുണ്‍ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഉടൻ തന്നെ തോമസ് ഐസക്കിന് സമൻസ് അയയ്ക്കുമെന്നാണ് ഇ.ഡി.യുമായി ബന്ധപ്പെട്ടവർ പറയുന്നത്.
റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നുമാണു തോമസ് ഐസക് അടക്കമുള്ള ഹര്‍ജിക്കാരുടെ വാദം. ഫെമ ലംഘനം അന്വേഷിക്കാൻ ആർബിഐക്കു മാത്രമാണ് അധികാരം ഉള്ളതെന്നാണ് തോമസ് ഐസക്കിന്റെ വാദം.
∙ വിവാദം ഇങ്ങനെ2019ലാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2150 കോടി സമാഹരിക്കുന്നത്. പലിശ 9.72%. ഇന്ത്യൻ രൂപയിൽ വിദേശത്ത് ഇറക്കുന്നതാണ് മസാല ബോണ്ട്. ധനസമാഹരണം രൂപയിലായതിനാൽ വിനിമയ നിരക്കിൽ വരുന്ന വ്യത്യാസം ബാധിക്കില്ല എന്നതാണ് നേട്ടം. പലിശ നിരക്ക് കൂടുതലാണെന്നും സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നുമുള്ള വിമർശനമാണ് പ്രതിപക്ഷം ആദ്യമുയർത്തിയത്. മറ്റ് കമ്പനികൾ ഇറക്കിയ മസാല ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പലിശ കുറവാണെന്നു പറഞ്ഞു സർക്കാർ പ്രതിരോധിച്ചു.
ലാവ്‌ലിൻ കമ്പനിയിൽ നിക്ഷേപമുള്ള സിഡിപിക്യൂ മസാല ബോണ്ട് വാങ്ങിയതിനു പിന്നിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കനേഡിയൻ പെൻഷൻ ഫണ്ടായ സിഡിപിക്യൂ പലയിടത്തും നിക്ഷേപിച്ചിട്ടുണ്ടാകുമെന്നു പറഞ്ഞ് സർക്കാരും കിഫ്ബിയും ആരോപണം തള്ളിക്കളഞ്ഞു.
മസാല ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് സിഎജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയതോടെ വിവാദം ആളിക്കത്തി. സംസ്ഥാനത്തിനു വിദേശവായ്പയെടുക്കാൻ അധികാരമില്ലെന്ന സിഎജി നിലപാടിനെ കിഫ്ബി ബോഡി കോർപറേറ്റാണ് എന്നു പറഞ്ഞാണ് സർക്കാർ പ്രതിരോധിച്ചത്. കിഫ്ബിക്കെതിരായ വിമർശനങ്ങളെ നിയമസഭയിൽ കൊണ്ടുവന്നു തള്ളുകയും ചെയ്തു. നിയമസഭ തള്ളിക്കളഞ്ഞ സിഎജി വാദങ്ങളാണ് ഇഡി ഇപ്പോൾ ഉന്നയിക്കുന്നത് എന്ന് സർക്കാർ ഹൈക്കോടതിയിലും വാദിച്ചിരുന്നു.
English Summary:
ED can send summons to Thomas Isaac
Source link