‘എന്റെ ആത്മവിശ്വാസം വർധിച്ചു’: തേജസിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി– വിഡിയോ

ബെംഗളൂരു∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റർ എയർക്രാഫ്റ്റായ തേജസിൽ യാത്രനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) സന്ദർശിച്ചശേഷമാണ് പ്രധാനമന്ത്രി തേജസിൽ കയറിയത്. ‘‘തേജസിൽ യാത്ര വിജയകരമായി പൂർത്തിയാക്കി. ഈ അനുഭവം അവിശ്വസനീയമാം വിധം സമ്പന്നമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വയംപര്യാപ്തതയിൽ എന്റെ ആത്മവിശ്വാസം ഗണ്യമായി വർധിപ്പിച്ചു. ഒപ്പം നമ്മുടെ രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും എനിക്ക് നൽകി.’’– മോദി എക്‌സിൽ കുറിച്ചു.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തതായി അധികൃതർ അറിയിച്ചു. തേജസ് ഒരു സീറ്റ് മാത്രമുള്ള ഫൈറ്റർ എയർക്രാഫ്റ്റ് ആണെങ്കിലും വ്യോമസേന പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഇരട്ട സീറ്റ് വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇന്ത്യൻ നാവികസേനയും ഇരട്ട സീറ്റർ വേരിയന്റാണ് ഉപയോഗിക്കുന്നത്.
मैं आज तेजस में उड़ान भरते हुए अत्यंत गर्व के साथ कह सकता हूं कि हमारी मेहनत और लगन के कारण हम आत्मनिर्भरता के क्षेत्र में विश्व में किसी से कम नहीं हैं। भारतीय वायुसेना, DRDO और HAL के साथ ही समस्त भारतवासियों को हार्दिक शुभकामनाएं। pic.twitter.com/xWJc2QVlWV— Narendra Modi (@narendramodi) November 25, 2023
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ്, 4.5-തലമുറ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റാണ്. തേജസ് അതിന്റെ ക്ലാസിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ വിമാനമാണ്. നിലവിൽ നാൽപത് തേജസ് എംകെ-1 വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. ഇതുകൂടാതെ 83 തേജസ് എംകെ–1എ വിമാനങ്ങൾക്കായി 36,468 കോടി രൂപയുടെ കരാറിൽ വ്യോമസേന ഒപ്പുവച്ചിട്ടുമുണ്ട്. ഈ മാസമാദ്യം ദുബായ് എയർ ഷോയിൽ തേജസ് പങ്കെടുത്തിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് വ്യോമസേനയ്ക്കായി തേജസ് വിമാനങ്ങൾ നിർമിക്കുന്നത്. നാവികസേനയ്ക്കായി ഒരു വിമാനവുമുണ്ട്. തേജസിനായി രൂപകൽപന ചെയ്ത ഫ്ലൈ-ബൈ-വയർ സംവിധാനം എച്ച്എഎലിന്റെ നേട്ടമാണ്.
Successfully completed a sortie on the Tejas. The experience was incredibly enriching, significantly bolstering my confidence in our country’s indigenous capabilities, and leaving me with a renewed sense of pride and optimism about our national potential. pic.twitter.com/4aO6Wf9XYO— Narendra Modi (@narendramodi) November 25, 2023
ഒക്ടോബറിലാണ് ഇരട്ട സീറ്റുള്ള തേജസ് വിമാനം വ്യോമസേന പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് തുടങ്ങിയത്. ഈ വേരിയന്റ് ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണുള്ളത്. 18 ഇരട്ട സീറ്റ് വേരിയന്റുകളാണ് വ്യോമസേനയ്ക്കായി എച്ച്എഎൽ നിർമിക്കുന്നത്. ഇതിൽ എട്ടെണ്ണം 2023-24 കാലയളവിൽ വിതരണം ചെയ്യാൻ പദ്ധതിയിടുന്നു. ബാക്കിയുള്ള 10 എണ്ണം 2026-27ഓടെ ക്രമേണ വിതരണം ചെയ്യും.
English Summary:
“Sense Of Pride”: PM Modi After Flying On Tejas Fighter Jet In Bengaluru