LATEST NEWS

Cusat Tragedy ‘നടന്നത് ദൗർഭാഗ്യകരമായ സംഭവം; ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ സജ്ജരാക്കി’

കൊച്ചി ∙ കളമശേരിയിലെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നടന്ന അപകടത്തിൽ പരുക്കേറ്റവർക്കുള്ള ചികിത്സാ സംവിധാനങ്ങൾ തയാറാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കുസാറ്റിൽ നടന്നതെന്നും പരുക്കേറ്റവരിൽ‌ നാലുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. നാൽപതിലേറെപ്പേർ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ടെന്നും അവിടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
‘‘64 പേർക്ക് പരുക്കേറ്റതായാണു നിലവിലെ വിവരം. 46 പേരെയാണു കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. നാലുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ ഒരു സ്വകാര്യ ആശുപത്രിയിലും രണ്ടുപേർ കളമശേരി മെഡിക്കൽ കോളജിലുമാണ്. 18 േപർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ ഒരാളുടെ തലയ്ക്കു പരുക്കുണ്ട്. സംഭവം അറിഞ്ഞതിനുപിന്നാലെ ആശുപത്രികളിൽ അലർട്ട് കൊടുത്തിരുന്നു. വ്യവസായ മന്ത്രി പി.രാജീവും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും സ്ഥലത്തേക്കു പോയിട്ടുണ്ട്’’–മന്ത്രി പറഞ്ഞു.

പരുക്കേറ്റവ‍രുടെ നില എന്താണെന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അതിനായി സ്കാനിങ് ഉൾ‌പ്പെടെയുള്ള കാര്യങ്ങൾ നടത്തേണ്ടതുണ്ട്. കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ തയാറാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രണവിധേയമാണ്. കൊച്ചിയിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പരുക്കേറ്റവരെ അങ്ങോട്ടു മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. സംഭവത്തിൽ 3 വിദ്യാര്‍ഥികൾ ഉൾപ്പെടെ 4 പേർ മരിച്ചു. 2 ആണ്‍കുട്ടികളും 2 പെൺകുട്ടികളുമാണ് മരിച്ചത്. അറുപതിലേറെപ്പേർക്ക് പരുക്കേറ്റു.

English Summary:
What happened was an unfortunate incident; Special team including doctors has been prepared – Minister Veena George


Source link

Related Articles

Back to top button