LATEST NEWS

തെലങ്കാനയിലെ മുസ്‌ലിം സംവരണം ‘ഭരണഘടനാവിരുദ്ധം’, അവസാനിപ്പിക്കണം: യോഗി ആദിത്യനാഥ്

ഹൈദരാബാദ് ∙ തെലങ്കാനയിലെ മുസ്‌ലിം സംവരണം ഡോ.ബി.ആർ.അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‌ലിം സംവരണം ‘ഭരണഘടനാവിരുദ്ധ’മാണെന്നും എന്തുവിലകൊടുത്തും അത് അവസാനിപ്പിക്കണമെന്നും യോഗി പറഞ്ഞു. ആസിഫാബാദില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായായിരുന്നു അദ്ദേഹം.
‘‘തെലങ്കാനയിൽ വൃത്തികെട്ട പ്രീണന രാഷ്ട്രീയമാണ് ഇപ്പോൾ കാണുന്നത്. മുസ്‌ലിം സംവരണത്തിലൂടെ സമൂഹത്തെ എത്രത്തോളം ഭിന്നിപ്പിക്കാമെന്നാണ് ബിആർഎസ് സർക്കാർ കാണിച്ചു തരുന്നത്. എസ്‌സി, എസ്ടി വിഭാഗക്കാരെയും മറ്റു പിന്നാക്കക്കാരെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള തീരുമാനമാണ് സർക്കാർ സ്വീകരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടനാവിരുദ്ധമായ, മതാടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കും’’ –യോഗി ആദിത്യനാഥ് പറഞ്ഞു.

തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാതെ യുവാക്കളേയും കർഷകരേയും സ്ത്രീകളേയും സർക്കാർ വഞ്ചിച്ചു. കുടിവെള്ള ക്ഷാമവും തൊഴിലില്ലായ്മയും സംസ്ഥാനത്ത് രൂക്ഷമാണ്. ബിജെപി അധികാരത്തിലെത്തിയാൽ നൈസാമിന്റെ ഭരണത്തിൽനിന്ന് മാറി ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിച്ച സെപ്റ്റംബർ 17, ‘ഹൈദരാബാദ് വിമോചന ദിന’മായി ആചരിക്കുമെന്നും യോഗി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസന പാതയിലാണെന്നും തെലങ്കാനയ്ക്ക് ‘ഡബിൾ എൻജിൻ’ സർക്കാർ വേണമെന്നും യോഗി കൂട്ടിച്ചേർത്തു. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

English Summary:
Muslim Reservations In Telangana “Unconstitutional”: Yogi Adityanath


Source link

Related Articles

Check Also
Close
Back to top button