INDIALATEST NEWS

രക്ഷാകുഴലിനുള്ളിൽ ഡ്രില്ലിങ് യന്ത്രം കുടുങ്ങി; സിൽക്യാര രക്ഷാദൗത്യം നീളുന്നു, എത്ര നാൾ?

സിൽക്യാരയിലെ തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 15 ദിവസമാകുമ്പോൾ, രക്ഷാദൗത്യം നീങ്ങുന്നത് ഒച്ചിഴയും വേഗത്തിൽ. ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങൾ വന്നതോടെ, പുറംലോകത്തെത്താനുള്ള തൊഴിലാളികളുടെ കാത്തിരിപ്പു നീളുകയാണ്. 
രക്ഷാകുഴലിനുള്ളിൽ ഡ്രില്ലിങ് യന്ത്രം കുടുങ്ങിയതോടെ ദൗത്യം ഇന്നലെ വീണ്ടും തടസ്സപ്പെട്ടു. മലയുടെ മുകളിൽ നിന്നു തുരന്നിറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിനു പ്രാഥമിക നടപടി ആരംഭിച്ചു. 

തൊഴിലാളികളെ പുറത്തെത്തിക്കാൻ അടിയന്തര സ്വഭാവത്തോടെയുള്ള നീക്കം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കൊടുംതണുപ്പിൽ ജീവൻ പണയംവച്ച്, വിശ്രമമില്ലാതെ ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് ഏജൻസികളും പ്രവർത്തിക്കുമ്പോഴും ദൗത്യം ഏകോപിപ്പിക്കുന്നതിൽ അധികാരികളുടെ ഭാഗത്തു വീഴ്ച പ്രകടമാണ്. മനസ്സാന്നിധ്യം കൈവിടാത്ത തൊഴിലാളികളും രാപകൽ അധ്വാനിക്കുന്ന രക്ഷാപ്രവർത്തകരും നായകരായി മുന്നിൽ നിൽക്കുമ്പോൾ ദൗത്യം വിജയിപ്പിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിൽ അലംഭാവമുണ്ട്. 

ഇതിനിടെ, തൊഴിലാളികളുടെ സുരക്ഷയാണു പ്രധാനമെന്നും ക്രിസ്മസ് ആകുമ്പോൾ അവർ സുരക്ഷിതമായി വീടുകളിലെത്തുമെന്നും ദൗത്യത്തിന്റെ ഭാഗമായ ഓസ്ട്രേലിയൻ തുരങ്ക നിർമാണ വിദഗ്ധൻ ആർനോൾഡ് ഡിക്സ് പറഞ്ഞതു വിവാദമായി. ക്രിസ്മസിന് ഇനിയും ഒരുമാസത്തോളമുണ്ട്. അതുവരെ തൊഴിലാളികൾ തുരങ്കത്തിൽ കഴിയണോ എന്ന ചോദ്യമാണുയരുന്നത്.

വാക്കും പ്രവൃത്തിയും:
∙ വാക്ക്:  നടപടികളെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണെന്നു കേന്ദ്ര, സംസ്ഥാന മന്ത്രിമാർ.

പ്രവൃത്തി: ഓരോ തവണയും അവർ അപകടസ്ഥലം സന്ദർശിക്കുമ്പോൾ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരിലൊരാൾ സന്ദർശിച്ചപ്പോൾ പ്രവർത്തനം നിർത്തിയത് ഒന്നര മണിക്കൂറോളം. വിഐപികൾ തുരങ്കത്തിൽ കയറുമ്പോൾ വെൽഡിങ് അടക്കമുള്ളവ നിർത്തുന്നു. 
∙ വാക്ക്: ഒരേസമയം 5 ഭാഗങ്ങളിലൂടെ തൊഴിലാളികളിലേക്കെത്താൻ ശ്രമിക്കും.

പ്രവൃത്തി: തുരങ്കത്തിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ നീക്കുകയെന്ന ഏക വഴി മാത്രമാണ് ഇതുവരെ കാര്യമായി പരിഗണിച്ചത്. മുകളിൽനിന്നു  തുരങ്കത്തിലേക്കിറങ്ങാനുള്ള നടപടി ആരംഭിച്ചത് ഇന്നലെ മാത്രം

English Summary:
Drilling machine stuck inside rescue pipe; Silkyara rescue mission delaying


Source link

Related Articles

Back to top button