കൊച്ചി∙ കളമശ്ശേരി കുസാറ്റ് ക്യാംപസിലുണ്ടായ ദാരുണ അപകടത്തിനിടെ പരുക്കേറ്റ നാലുപേരും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപുതന്നെ മരിച്ചിരുന്നെന്നു ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പടെ നാലുപേരാണു മരിച്ചതെന്നും രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും കലക്ടർ വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റവര്‍ രണ്ടുപേരും പെണ്‍കുട്ടികളാണെന്നും ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസിയുവിൽനിന്നും ആസ്റ്ററിലേക്ക് മാറ്റുമെന്നും കലക്ടർ അറിയിച്ചു. മരിച്ച 3 വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ് എന്നിവരെയാണു തിരിച്ചറിഞ്ഞത്. മരിച്ച മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.
ആകെ പരുക്കേറ്റത് 49 പേർക്കാണ്. കളമശേരി മെഡിക്കൽ കോളജിൽ ആകെ 34 പേരാണു ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഐസിയുവിൽ രണ്ടുപേരും കാഷ്യാലിറ്റിയിൽ ഒരാളുമുണ്ട്. കിന്റർ ആശുപത്രിയിൽ 15 പേരുണ്ട്. സൺറൈസ് ആശുപത്രിയിൽ ഒരാൾ പോയിരുന്നു. ഇവരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഹെൽപ്പ്ലൈൻ നമ്പറുകൾ കൊടുത്തിട്ടുണ്ട്. അപകടം സംബന്ധിച്ച് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗെയ്റ്റ് തുറന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണു പ്രാഥമിക വിവരമെന്നും കലക്ടർ വ്യക്തമാക്കി.
Source link