LATEST NEWS

Cusat Tragedy ഗാനസന്ധ്യ, ആഘോഷം: വിദ്യാർഥികളുടെ ജീവന്‍ കവര്‍ന്ന് അപ്രതീക്ഷിത ദുരന്തം; പടിയില്‍ വീണ കുട്ടികള്‍ക്കു ചവിട്ടേറ്റു CUSAT Tragedy

കൊച്ചി∙  ടെക് ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ഗാനമേള കലാശിച്ചത് വന്‍ ദുരന്തത്തില്‍. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കുട്ടികള്‍ ആഘോഷപൂര്‍വം ആസ്വദിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം ക്യാംപസിനെയാകെ ഞെട്ടിച്ച് മൂന്നു വിദ്യാര്‍ഥികളടക്കം നാല് പേരുടെ ജീവന്‍ കവര്‍ന്നത്. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്‌, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.

അപകടത്തില്‍ എഴുപതിലേറെ കുട്ടികള്‍ക്കു പരുക്കേറ്റു. രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരതരമാണെന്നാണു റിപ്പോര്‍ട്ട്. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.

ഇതിന്റെ ഭാഗമായുള്ള ഗാനസന്ധ്യയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയ ജനപ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി കൂടുതല്‍ പേര്‍ ഗെയ്റ്റിനു പുറത്തു കാത്തുനിന്നിരുന്നു. മഴ ചാറിയതോടെ ഗേറ്റ് തള്ളിത്തുറന്ന് കുട്ടികള്‍ കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്. ഗേറ്റ് കടന്ന വിദ്യാര്‍ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടകളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്റെ പ്രതികരണംവളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്‍. ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ നടന്നതിനുശേഷം വിവിധ മത്സര ഇനങ്ങളും പ്രൊഫഷനല്‍ ടോക്കുകളും നടക്കുകയായിരുന്നു. ഗാനസന്ധ്യയെന്ന മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന് കുട്ടികള്‍ ക്രമീകരിച്ചിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങിലെയും മറ്റു ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. കൂടാതെ സമീപത്തുള്ള കോളജിലെ കുട്ടികളും സമീപവാസികളും പരിപാടിക്ക് എത്തിയിരുന്നു. മഴചാറിയതോടുകൂടി, എല്ലാവരും അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും, എന്‍ട്രന്‍സിലെ സ്റ്റെപ്പില്‍ കുട്ടികള്‍ മറിഞ്ഞുവീഴുകയും ചെയ്‌തെന്നാണു നിലവില്‍ ലഭ്യമാകുന്ന വിവരമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

English Summary:
Many deaths and injury reported in a concert in CUSAT


Source link

Related Articles

Back to top button