കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇ.ഡിക്കു മുന്നിൽ ഹാജരായി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ രണ്ടാംഘട്ട അന്വേഷണങ്ങൾക്കു തുടക്കമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം ഉന്നതനേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന്റെ ഭാഗമായി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇ.ഡിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻഭരണ സമിതി അംഗങ്ങൾക്കെതിരെ ജില്ലാ സെക്രട്ടറിയായിരിക്കെ വർഗീസ് നടപടിയെടുത്തിരുന്നു. ഇതു സംബന്ധിച്ചും ബാങ്ക് തട്ടിപ്പില്‍ വിവിധ മൊഴികളുടെ പശ്ചാത്തലത്തിൽ നേതാക്കളുടെ പങ്കിനെക്കുറിച്ചും ഇ.ഡി വ്യക്തതവരുത്തും. ഇന്നു വരാനാകില്ലെന്നും മറ്റൊരു ദിവസം പരിഗണിക്കണമെന്നും വർഗീസ് ആവശ്യപ്പെട്ടെങ്കിലും അത് ഇ.ഡി തള്ളുകയായിരുന്നു. തുടർന്നാണ് ഹാജരായത്.
ബെനാമി വായ്‌പകൾ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സിപിഎം പാർലമെന്ററി സമിതിയുടെ നേതൃത്വത്തിലാണെന്നും ഇത് സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നതായും ഇ.ഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിലടക്കമാണ് ഇ.ഡി വ്യക്തത തേടുക. അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥരോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link