LATEST NEWS

വ്യാജ തിരിച്ചറിയൽ കാർഡ്: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. തിരച്ചിറിയൽ കാർഡ് ആദ്യമായി നിർമിച്ചതിൽ കാസർകോഡ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജെയ്‌സൺ തോമസ് നേരിട്ട് ഇടപെട്ടതായി പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെയുള്ള തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇയാൾ വഴി ലഭിച്ച മദർ കാർഡ് ഉപയോഗിച്ചാണു തിരിച്ചറിയൽ കാർഡ് തയാറാക്കിയതെന്നും പൊലീസ് വിശദീകരിക്കുന്നു. ഇയാൾ ഒളിവിലാണ്.
ജെയ്‌സൺ തോമസിനു പുറമെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെ കൂടി പൊലീസ് പ്രതിചേർത്തു.  ഇയാൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ഒരു മാസത്തോളമെടുത്താണ് അടൂർ കേന്ദ്രീകരിച്ച് തിരിച്ചറിയൽ കാർഡ് തയാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കുന്നത്. 

കേസിലെ മറ്റു പ്രതികളായ ഫെനി നൈനാനെയും ബിനിൽ  ബിനുവിനെയും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇവര്‍ രാഹുലിന്റെ സാന്നിധ്യത്തിലാണു ഫോൺ ഒളിപ്പിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു.

ഡിജിപി റിപ്പോർട്ട് പരിശോധിച്ചശേഷം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായ സഞ്ജയ് കൗളിനു കൈമാറും. അദ്ദേഹത്തിന്റെ തീരുമാനം കേസിൽ നിർണായകമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. 

ഇതേ കേസിൽ, പുതിയ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ മാങ്കൂട്ടത്തിലിനെ ശനിയാഴ്ച ചോദ്യം ചെയ്യും. കേസിൽ 24 വ്യാജ കാർഡുകൾ പൊലീസ് കണ്ടെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് അടക്കം എട്ടംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കുന്നുണ്ട്. 
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നിവേദനം നൽകി. 

English Summary:
Kerala Police Submits report against Youth Congress


Source link

Related Articles

Back to top button