ഭാര്യയെയും രണ്ടുവയസ്സുള്ള മകളെയും മൂർഖനെ കൊണ്ട് കടിപ്പിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ
ഭെരംപുർ (ഒഡിഷ)∙ കിടപ്പുമുറിയിൽ ഭാര്യയെയും രണ്ടുവയസ്സുള്ള മകളെയും വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം മുൻപ് ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണു സംഭവം. ഗണേഷ് പത്ര എന്ന യുവാവാണ് ഭാര്യ ബസന്തി പത്ര (23)യെയും രണ്ടുവയസ്സുകാരി മകള്‍ ദേവ്സ്മിതയെയും ക്രൂരമായി കൊലപ്പെടുത്തിയത്.
മതപരമായ ചടങ്ങുകൾക്കു വേണ്ടിയാണെന്നു പറഞ്ഞാണ് ഒരു പാമ്പാട്ടിയിൽ നിന്ന് ഇയാൾ മൂർഖനെ വാങ്ങിയത്. പാമ്പിനെ പ്ലാസ്റ്റിക് പാത്രത്തിലാക്കി വീട്ടിലെത്തിയ ഇയാൾ ഭാര്യയും മകളും ഉറങ്ങുന്ന മുറിയിലേക്ക് തുറന്നുവിടുകയാരുന്നു. തുടർന്ന് ഇയാൾ മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് പാമ്പിന്റെ കടിയേറ്റ് മരിച്ച നിലയിൽ അമ്മയെയും കുഞ്ഞിനെയും മുറിയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിരസിച്ചു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഗഞ്ചം പൊലീസ് വ്യക്തമാക്കി.
Source link