ജയറാം പറഞ്ഞു തീർന്നതും പൊട്ടിക്കരഞ്ഞ് കാളിദാസ്; വിവാഹനിശ്ചയ വിഡിയോ

കാളിദാസ് ജയറാം, താരിണി കലിംഗരായർ വിവാഹനിശ്ചയ വിഡിയോ റിലീസ് ചെയ്തു. സ്നേഹനിർഭരമായ ഒരുപാട് നിമിഷങ്ങൾ സമ്മാനിക്കുന്നൊരു വിഡിയോയിൽ വിവാഹനിശ്ചയത്തിനെത്തിയ അതിഥികളെയും കാണാം. ജയറാമിന്റെ വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. അച്ഛന്റെ വാത്സ്യം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ, കേട്ടു നില്‍ക്കുന്നവരുടെ മനസ്സും വൈകാരികമാക്കി.

‘‘കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്, സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്. ചില തിയതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് അശ്വതി (പാര്‍വതി) ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അതിന് ശേഷം 1993 സെപ്റ്റംബര്‍ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു

1993 ഡിസംബര്‍ 16, കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാന്‍ അശ്വതിക്ക് കൂടെ തന്നെ, അടുത്തുണ്ടാവണം എന്ന്. അത് അനുവദീനിയമല്ല സര്‍ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കൈ മുറുകെ പിടിച്ചിരിയ്ക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കൈയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്‍.

29 വര്‍ഷങ്ങള്‍, ഇന്ന് അവന്‍ നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷനലാവും. ഹരിയ്ക്കും ആര്‍തിക്കും (തരുണിയും അച്ഛനും അമ്മയും) നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല, രണ്ട് പെണ്‍മക്കളാണ്.’’ ജയറാം പറഞ്ഞു. ജയറാം ഇത് പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കാളിദാസ് കരഞ്ഞു തുടങ്ങിയിരുന്നു. മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം നെറ്റിയില്‍ ചുംബിച്ചു.

സത്യരാജ്, അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ധനുഷ് തുടങ്ങിയവരായിരുന്നു വിവാഹനിശ്ചയത്തിൽ തിളങ്ങിയ അതിഥികൾ.
ഈ മാസം ആദ്യം ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലെ വിവാഹനിശ്ചയം നടന്നത്. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

വിനില്‍ സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജിനി’യാണ് കാളിദാസിന്റെ പുതിയ റിലീസ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദ് നായികയായി എത്തുന്നു.

English Summary:
Kalidas Jayaram And Tarini Official Engagement Film


Source link
Exit mobile version